തിരുവനന്തപുരം: കെ ഫോണിന് ഐഎസ്പി ലൈസൻസ് ലഭിച്ചു. ഇതോടെ ഇന്റർനെറ്റ് സേവനദാതാക്കളായി കെ ഫോണിന് പ്രവർത്തിക്കാം. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലിക്കോം മന്ത്രാലയവുമായി ലൈസൻസ് ധാരണാപത്രം ഒപ്പിട്ടു. കെ ഫോൺ പദ്ധതിക്ക് കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.
അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പാണ് ഉത്തരവിറക്കിയത്. പിന്നാലെയാണ് ഇപ്പോൾ ഐഎഫ്പി ലൈസൻസും ലഭിച്ചത് .ഇനിയും സാങ്കേതിക കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് പൂർത്തിയാകാനുണ്ട്. അതെല്ലാം പെട്ടെന്ന് പൂർത്തിയാക്കി കണക്ഷൻ നൽകുന്നതടക്കമുള്ളവ ഉടൻ നടപ്പിലാക്കാമെന്ന പ്രതീക്ഷയിലാണ് കെ ഫോൺ അധികൃതർ.
ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് സർക്കാരിന്റെ കെ ഫോൺ പദ്ധതി. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയും പരമാവധി പേർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതു സർക്കാരിന്റെ ജനകീയ ബദൽകൂടിയാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ പ്രകാരം കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്വർക്ക് ശൃംഖല, മറ്റാവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും.
സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാവുമെന്നും സംസ്ഥാന സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

