16 വയസ്സുകാരിയുടെ അണ്ഡം വിവിധ സ്വകാര്യ ആശുപത്രികൾക്ക് വിറ്റു. രണ്ടാനച്ഛനെതിരെ പോക്സോ കേസ്

സേലം- തമിഴ്‌നാട്ടിൽ അമ്മയും രണ്ടാനച്ഛനും ചേർന്ന് 16 വയസ്സുകാരിയുടെ അണ്ഡം വില്പ്പന നടത്തിയ സംഭവത്തിൽ കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. വിവാഹിതയായ സ്ത്രീയാണെന്ന് വ്യാജരേഖകളുണ്ടാക്കി 16 വയസ്സുകാരിയുടെ അണ്ഡം ഇൻഫെർട്ടിലിറ്റി ആശുപത്രികൾക്ക് വിറ്റ സംഭവത്തിലാണ് റിപ്പോർട്ട്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ നാല് ആശുപത്രികൾ അടിയന്തിരമായി അടച്ചുപൂട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച ഡയരക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് ആന്റ് റൂറൽ ഹെൽത്ത് സർവീസസിലെ (DMS) വിദഗ്ധർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി. അണ്ഡ വിൽപ്പനയിൽ പങ്കാളികളായ കേരളത്തിലെയും ആന്ധ്രയിലെയും രണ്ട് ആശുപത്രികൾക്കെതിരെ നടപടി എടുക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

വന്ധ്യതാ ചികിൽസാ സ്ഥാപനങ്ങളായ ഈറോഡ് സുധ ഹോസ്പിറ്റൽ, സേലം സുധ ഹോസ്പിറ്റൽ, പെരുന്തുറൈയിലെ രാമപ്രസാദ് ആശുപത്രി, ഹൊസൂറിലെ വിജയ് ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾ അടിയന്തിരമായി അടച്ചുപൂട്ടാനാണ് നിർദേശം. ഇതോടൊപ്പം, തിരുവനന്തപുരത്തെ ശ്രീ കൃഷ്ണ ഹോസ്പിറ്റൽ, തിരുപ്പതിയിലെ മാതൃത്വ ടെസ്റ്റ് ട്യൂബ് ബേബി ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ടെന്ന് ന്യൂസ് മിനിറ്റ്‌സ് റിപ്പോർട്ട് ചെയ്തു.

ഞെട്ടിക്കുന്ന ക്രൂരതയാണ് പെൺകുട്ടിക്കെതിരെ ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമാണ് വന്ധ്യതാ ചികിൽസയ്ക്കായി ഒരു തവണ അണ്ഡം വിൽക്കാനുള്ള നിയമപരമായ അനുമതിയുള്ളത്. എന്നാൽ, ഈ പെൺകുട്ടിയുടെ അണ്ഡം 12 മുതൽ 16 വയസ്സുവരെയുള്ള നാലു വർഷ കാലയളവിൽ എട്ടു തവണ ആശുപത്രികൾ എടുത്ത് വിൽപ്പന നടത്തി. 25,000 രൂപയാണ് ഒരു തവണ അണ്ഡം വിൽക്കുന്നതിന് ആശുപത്രിക്കാർ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനും നൽകിയത്. 20,000 രൂപ അമ്മയ്ക്കും അയ്യായിരം രൂപ രണ്ടാനച്ഛനും നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാസമാണ് അണ്ഡ വിൽപ്പന നടക്കുന്ന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ അകന്ന ബന്ധത്തിലുള്ളഒരു സ്ത്രീയാണ് പൊലീസിനെ സമീപിച്ചത്. കുട്ടി അവരുടെ അടുത്തേക്ക് സഹായം അഭ്യർത്ഥിച്ച്‌ വരികയായിരുന്നു. സേലം പൊലീസിലാണ് ഇവർ ഈ സംഭവത്തെക്കുറിച്ച്‌ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മയും രണ്ടനച്ഛനും ഏജന്റായ ഒരാളും അറസ്റ്റിലായിരുന്നു. പെൺകുട്ടിയെ രണ്ടാനച്ഛൻ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്തു.

12 വയസ്സുള്ളപ്പോൾ മുതലാണ് ഈ പെൺകുട്ടിയുടെ അണ്ഡം വിൽക്കാൻ തുടങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നാലു വർഷം തുടർച്ചയായി അണ്ഡവിൽപ്പന നടന്നു. വിവാഹിതയാണെന്ന് വ്യക്തമാക്കുന്ന വ്യാജ ആധാർ കാർഡുണ്ടാക്കിയാണ് പെൺകുട്ടിയുടെ അണ്ഡവിൽപ്പന നടന്നതെന്നും കണ്ടെത്തി. ഇതിനെ തുടർന്നാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്റെ നിർദേശ പ്രകാരം ആരോഗ്യ വിദഗ്ധരുടെ അന്വേഷണം നടന്നത്. ഇവരുടെ റിപ്പോർട്ടിലാണ്, സ്വകാര്യ വന്ധ്യതാ ചികിൽസാ സ്ഥാപനങ്ങൾ എല്ലാ നിയമങ്ങളും ലംഘിച്ച്‌ അണ്ഡവിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, റിപ്പോർട്ട് കിട്ടിയതിനു പിന്നാലെ, അടിയന്തിരമായി നാല് ആശുപത്രികൾ അടച്ചു പൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രി പറഞ്ഞു

Share
അഭിപ്രായം എഴുതാം