കാലാനുസൃതമായി ആയുര്‍വേദത്തെ ആധുനീകരിച്ച വ്യക്തിയാണ് ഡോ.പി.കെ. വാരിയര്‍ : ഗവര്‍ണര്‍

കാലത്തിന് അനുസൃതമായി ആയുര്‍വേദത്തെ ആധുനിക വത്ക്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവ്യക്തിയാണ് ഡോ. പി.കെ. വാരിയരെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആയിരുന്ന ഡോ.പി.കെ. വാരിയരുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യശാസ്ത്രത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ ഒരുപോലെയുയര്‍ത്തിപ്പിടിക്കുകയും ആ മൂല്യങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ.പി.കെ.വാരിയര്‍. അലോപ്പതിയും ആയുര്‍വേദവും പരസ്പര പുരകങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു.

കോവിഡ് കാലത്ത് ഇത് ലോകം മനസിലാക്കി. ആയുര്‍വേദത്തിന്റെ മഹത്വം ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ ഡോ.പി.കെ.വാരിയര്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. ആയുര്‍വേദം ആഡംബരത്തിന്റെ ഭാഗമല്ലെന്ന ചിന്ത പൊതുജനങ്ങള്‍ക്കിടയില്‍ ഊട്ടി ഉറപ്പിക്കാന്‍ പി.കെ.വാരിയര്‍ക്ക് കഴിഞ്ഞെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പി.കെ.വാരിയരുടെ അനുസ്മരണ യോഗത്തില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കോട്ടക്കല്‍ അനശ്വര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കായികഹജ്ജ്‌വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. പി.കെ.വാരിയരുടെ ഓര്‍മകള്‍ കേരളത്തെയും കോട്ടക്കലിനെയും സംബന്ധിച്ച് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ആയുര്‍വേദത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയും സ്വീകാര്യതയും നേടിക്കൊടുക്കാന്‍ ഡോ.പി.കെ. വാരിയര്‍ക്ക് സാധിച്ചു. ആയുര്‍വേദത്തിന്റെ ശാസ്ത്രീയത ലോകത്തിന് മനസിലാക്കികൊടുക്കുന്നതിനും അദ്ദേഹത്തിനായി മന്ത്രി പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാലയെ ലാഭകരമാക്കുക എന്നതിലുപരി ആ ലാഭം എങ്ങനെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാം എന്നതായിരുന്നു പി.കെ.വാരിയരുടെ ചിന്തയെന്നും വി.അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു. പ്രൊ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡോ.എം.പി. അബ്ദു സമദ് സമദാനി എം.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ജി.സി. ഗോപാലപിള്ള ആമുഖഭാഷണം നടത്തി.

ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റീ ഡോ.പി.എം. വാരിയര്‍ സ്വാഗതവും അഡീഷണല്‍ ചിഫ് ഫിസിഷ്യന്‍ ഡോ.കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ശിവകുമാര്‍, സുബൈദ എന്നിവര്‍ക്ക് ആര്യവൈദ്യശാല ജീവനക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →