റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷവും ഏറ്റുമുട്ടി, ഒടുവില്‍ പാര്‍ട്ടി ആസ്ഥാനം പൂട്ടി

July 12, 2022 - 12:22 pm

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ തര്‍ക്കം ചെന്നൈയില്‍ കലാപമായി. കോടതി തീര്‍പ്പ് പുറത്തുവരുംമുമ്പ് ചൈന്നെയിലെ പാര്‍ട്ടി ആസ്ഥാനത്തിനുമുന്നില്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം കല്ലേറു നടത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു.ഏറ്റുമുട്ടലില്‍ ഏതാനും പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് റവന്യൂ വകുപ്പ് പാര്‍ട്ടി കേന്ദ്രആസ്ഥാനം പൂട്ടി സീല്‍ ചെയ്തു. സംഘര്‍ഷം തുടങ്ങുമ്പോള്‍ ഒ. പനീര്‍ശെല്‍വ(ഒ.പി.എസ്)ത്തെ പിന്തുണയ്ക്കുന്നവരായിരുന്നു റോയല്‍പ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടായിരുന്നത്. ഒ.പി.എസും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

കൂടുതല്‍ അണികള്‍ പാര്‍ട്ടി ആസ്ഥാനത്തേക്കു നീങ്ങിയത് എടപ്പാടി പളനിസ്വാമി(ഇ.പി.എസ്.) പക്ഷം ചോദ്യം ചെയ്തതോടെയാണു തര്‍ക്കം തുടങ്ങിയത്. ഒ.പി.എസ്. പക്ഷം എതിരാളികളെ തള്ളിനീക്കാന്‍ ശ്രമിച്ചതോടെ കല്ലേറ് തുടങ്ങി. ഇ.പി.എസിന്റെ ബാനറുകള്‍ കത്തിച്ചതോടെ അണികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവിലേക്കു വളര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് 12.25 നു റെവന്യു ഡിവിഷണല്‍ ഓഫീസര്‍ സായ് വര്‍ധിനിയെത്തി ഓഫീസ് പൂട്ടിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. കോടതി വിധി അനുകൂലമായതോടെ ഇ.പി.എസ്. പക്ഷത്തിനു പാര്‍ട്ടിയില്‍ സ്വാധീനം കൂടുമെന്നാണു സൂചന. ജനറല്‍ കൗണ്‍സില്‍ ചേരാന്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയും ഇ.പി.എസ്. പക്ഷത്തിന് അനുമതി നല്‍കിയിരുന്നു.

ഒറ്റനേതൃപദത്തിനാണ് ഇ.പി.എസ്. ഊന്നല്‍ നല്‍കുന്നത്. ഒ.പി.എസ്. പക്ഷമാകട്ടെ നിലവിലെ ഇരട്ടനേതൃത്വ മാതൃക പിന്തുടരണമെന്ന വാദമാണ് ഉയര്‍ത്തിയിരുന്നത്. പാര്‍ട്ടി നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജെ. ജയലളിത 2016 ഡിസംബറില്‍ അന്തരിച്ചതിനേത്തുടര്‍ന്നാണ് അണ്ണാ ഡി.എം.കെയില്‍ അധികാരവടംവലി ആരംഭിച്ചത്. അനുരഞ്ജനമെന്ന നിലയില്‍ കോ-ഓര്‍ഡിനേറ്ററായി ഒ. പനീര്‍സെല്‍വത്തെയും ജോയിന്റ് കോ-ഓര്‍ഡിനേറ്ററായി പളനിസ്വാമിയെയും നിയോഗിച്ചായിരുന്നു ഇതുവരെയുള്ള പ്രവര്‍ത്തനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *