കോഴിക്കോട്: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായി മഴ തുടരുന്നു. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് മഴ ശക്തം. കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞു ഒരാൾ മരിച്ചു. കോഴിക്കോട് മാവൂർ ചാലിപാടത്ത് തോണി മറിഞ്ഞ് മലപ്പുറം സ്വദേശി ഷാജു മരിച്ചു. സുഹൃത്തിനെ വീട്ടിൽ കൊണ്ട് വിടാൻ പോകുന്ന വഴിയായിരുന്നു അപകടം. മാവൂരിൽ തന്നെ അർദ്ധരാത്രിയോടെ വെള്ളക്കെട്ടിൽ കാർ മറിഞ്ഞ് അപകടമുണ്ടായി. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.
വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ കക്കയം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നു വെള്ളം ഒഴുക്കി വിടുന്നുണ്ട്. കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒരാഴ്ച മുമ്പ് കാണാതായ യുവാവിനായി നാവികസേന ഉൾപ്പെടെ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തടസ്സമാകുകയാണ്.
മണ്ണിടിച്ചിൽ സാധ്യത മുന്നിൽകണ്ട് വയനാട്ടിൽ 69 കുടുംബങ്ങളെയും, മലപ്പുറത്ത് 48 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. വൈത്തിരി താലൂക്കിലെ 69 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. മലപ്പുറം കവളപ്പാറയ്ക്കടുത്ത് തുടിമുട്ടിപ്പാറയിൽ മലയിൽ വെള്ളം വീണതിനെ തുടർന്ന് 48 കുടുംബങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വയനാട് കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 11/07/22 തിങ്കളാഴ്ച അവധിയാണ്.
രാമന്തളിയിൽ റേഷൻകടയിൽ വെള്ളം കയറി സ്റ്റോക്ക് പൂർണമായി നശിച്ചു. രാമന്തളി സ്വദേശിനിയായ നജീനയുടെ ഉടമസ്ഥതയിലുള്ള രാമന്തളി വടക്കുമ്പാട് അഞ്ചാം നമ്പർ റേഷൻ കടയിലാണ് വെള്ളം കയറിയത്. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനുള്ള മുപ്പതോളം ചാക്ക് ഭക്ഷ്യവസ്തുക്കൾ വെള്ളം കയറി നശിച്ചു.

