ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ചെല്‍സിയിലേക്ക് കൂടുമാറുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ചെല്‍സിയിലേക്ക് കൂടുമാറുമെന്ന് റിപ്പോര്‍ട്ട്. 50 ദശലക്ഷം പൗണ്ടി (ഏകദേശം 476 കോടിയിലധികം രൂപ)നാണു കൈമാറ്റമെന്ന് ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചുവര്‍ഷ കരാറിലാകും സ്റ്റെര്‍ലിങ് സ്റ്റാംഫോം ബ്രിഡ്ജിലേക്കെത്തുകയെന്നാണ് വിവരം. സിറ്റിയില്‍ ഒരുവര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് താരത്തിന്റെ പടിയിറക്കം. ലിവര്‍പൂളില്‍നിന്ന് 2015-ലാണ് സ്റ്റെര്‍ലിങ് സിറ്റിയിലെത്തിയത്. ഇതുവരെ 339 മത്സരങ്ങളില്‍ സിറ്റിക്കായി ബൂട്ടണിഞ്ഞിട്ടുള്ള ഇരുപത്തേഴുകാരനായ താരം 131 ഗോളുകളും നേടി. ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക്, റയാല്‍ മാഡ്രിഡ് എന്നീ ടീമുകളും സ്റ്റെര്‍ലിങ്ങിനായി രംഗത്തുണ്ടായിരുന്നു. റൊമേലു ലുക്കാക്കുവിനെ വായ്പയടിസ്ഥാനത്തില്‍ എ.സി. മിലാനിലേക്കു കൈമാറിയ സാഹചര്യത്തില്‍ തോമസ് ടുഷലിനു കീഴിലുള്ള ചെല്‍സിയില്‍ സ്റ്റെര്‍ലിങ്ങിന് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ജാക്ക് ഗ്രീലിഷിനു പുറമേ എര്‍ലിങ് ഹാളണ്ട്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയവരുമെത്തിയതോടെ സിറ്റിയില്‍ സ്ട്രൈക്കര്‍മാരുടെ കൂട്ടയിടിയാണ്. ഇത് തന്റെ അവസരം കുറച്ചേക്കുമെന്ന ആശങ്കയും സ്റ്റെര്‍ലിങ്ങിന്റെ ക്ലബ് മാറ്റത്തിനു വഴിവച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ 30 മത്സരങ്ങളില്‍ സിറ്റിക്കുവേണ്ടി കളത്തിലിറങ്ങിയ സ്റ്റെര്‍ലിങ് 13 ഗോളും നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →