തിരുവനന്തപുരം: തന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിൽ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് സ്വാഗതമോതാൻ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യമന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി. വേദിയിൽ നിന്നെഴുന്നേറ്റു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിർത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ ‘മെഡിസെപ്’ നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. മെഡിസെപ് പദ്ധതിയെ കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുന്നവരെ ജനം തള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവിൽ സർവീസിന്റെ സുവർണ ലിപികളാൽ രേഖപ്പെടുത്താവുന്ന പദ്ധതിയാണ് മെഡിസെപ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരലക്ഷം താൽക്കാലിക ജീവനക്കാർക്ക് മെഡിസെപ് ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് 300 ആശുപത്രികളെ എംപാനൽ ചെയ്തു. സംസ്ഥാനത്തിന് പുറത്ത് 15 ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും. ആരോഗ്യ സുരക്ഷ സാമൂഹ്യ സുരക്ഷയിൽ പ്രധാനമാണ്. കഴിഞ്ഞ വർഷം 319 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് നിർധനർക്ക് ചികിത്സാ സഹായം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു