കൊല്ലം വിസ്മയ കേസ് പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: കൊല്ലം വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. വിസ്മയയുടെ ഭർത്താവ് കിരൺകുമാർ 10 വർഷം കഠിനതടവ് അനുഭവിക്കണമെന്നും, 12 ലക്ഷം രൂപ പിഴ എടുക്കണം എന്നുമായിരുന്നു വിചാരണ കോടതി ഉത്തരവ്. 25 വർഷം തടവും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ ഉണ്ടായിരുന്നു. വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് ശിക്ഷിച്ചത് എന്നാണ് കിരണിന്റെ വാദം. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണിൽ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്. നൂറ് പവൻ സ്വർണവും , ഒന്നേകാൽ ഏക്കർ ഭൂമിയും, ഒപ്പം പത്ത് ലക്ഷം രൂപ വില വരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്തു നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നത് എന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുംബാംഗങ്ങൾ പറയുന്നു. തനിക്ക് ഇഷ്ടപ്പെടാത്ത കാറാണ് വിസ്മയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുള്ള സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹോണ്ട സിറ്റി കാർ ആണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺകുമാർ തന്നെ പറയുന്നുണ്ട്.

വാങ്ങി നൽകിയ കാറിന് 10 ലക്ഷം രൂപ മൂല്യം ഇല്ലെന്ന് പറഞ്ഞായിരുന്നു കിരണ്ന്റെ പീഡനം. ഇക്കാര്യം പറഞ്ഞ് വിസ്മയയെയും, സഹോദരൻ വിജിത്തിനെയും മർദ്ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതൽ തുടങ്ങിയ മർദ്ദനത്തെ കുറിച്ചുള്ള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരിൽ നിന്നും മറച്ചു വച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടിൽ കാര്യങ്ങൾ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടിക്കരഞ്ഞു പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ടുപോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →