സ്‌കൂള്‍ തുറന്ന് ഒരു മാസമാകുമ്പോള്‍ പരമാവധി വിദ്യാര്‍ത്ഥികളിലേക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിച്ച് എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. വിദ്യാര്‍ത്ഥി- വാക്‌സിനേഷന്‍ അനുപാതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്താണ് ജില്ല.
15 മുതല്‍ 17 വയസുവരെയുള്ള 85 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും 12 മുതല്‍ 14 വയസുവരെയുള്ള 77 ശതമാനം വിദ്യാര്‍ത്ഥികളിലും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഇരുവിഭാഗങ്ങളിലും സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണ് ജില്ലയുടെ സ്ഥാനം.
12 മുതല്‍ 17 വയസുവരെയുള്ള 1,88,741 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയിലെ ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 12 മുതല്‍ 14 വയസുവരെയുള്ള 30 ശതമാനം കുട്ടികള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 15 മുതല്‍ 17 വയസുവരെയുളള 63 ശതമാനം വിദ്യാര്‍ത്ഥികളാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.
മേയ്, ജൂണ്‍ മാസങ്ങളിലായി ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമ ഫലമായാണു വിദ്യാര്‍ത്ഥികളിലെ വാക്‌സിനേഷനില്‍ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ജില്ലയ്ക്കു സാധിച്ചത്. സ്‌കൂള്‍ തലത്തില്‍ നോഡല്‍ അധ്യാപകരുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ തലത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവരെ അധ്യാപകരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു. നിലവില്‍ 25820 ഡോസ് കോര്‍ബിവാക്‌സ് ഡോസുകളാണ് ജില്ലയില്‍ ശേഷിക്കുന്നത്.
മുന്‍കരുതല്‍ വാക്‌സിനിലും
എറണാകുളം മുന്നില്‍
18 വയസിനു മുകളിലുള്ളവര്‍ക്കുള്ള മുന്‍കരുതല്‍ വാക്‌സിന്റെ വിതരണവും എറണാകുളം ജില്ലയില്‍ പുരോഗമിക്കുകയാണ്. 45 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും 40 ശതമാനം കോവിഡ് മുന്നണി പ്രവര്‍ത്തകരും 60 വയസിനു മുകളിലുള്ള 35 ശതമാനം പേരും മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 8 ശതമാനം പേരാണ് മുന്‍കരുതല്‍ ഡോസ് എടുത്തത്. ജില്ലയില്‍ ആകെ 19 ശതമാനം പേര്‍ ഇത്തരത്തില്‍ മുന്‍കരുതല്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
248835 പേരാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 32708 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 19078 പേര്‍ മുന്നണി പ്രവര്‍ത്തകരുമാണ്. 60 വയസിനു മുകളിലുള്ള 167699 പേര്‍ മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മുന്‍കരുതല്‍ വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാന ശരാശരിക്ക് ഒപ്പമാണ് ജില്ലയുടെ സ്ഥാനം. 16670 ഡോസ് കോവാക്‌സിനും 39500 ഡോസ് കോവിഷീള്‍ഡും ജില്ലയില്‍ ശേഷിക്കുന്നുണ്ട്.
വാക്‌സിന്‍ പാഴാക്കല്‍(Vaccine Wastage)
കുറവ് എറണാകുളത്ത്
സംസ്ഥാനത്ത് ഏറ്റവുംകുറവ് കോവിഡ് വാക്‌സിന്‍ പാഴാകുന്ന ജില്ല എന്ന നേട്ടവും എറണാകുളം ജില്ലയ്ക്ക്. കോവീഷീള്‍ഡ് വാക്‌സിനില്‍ -5.05 ആണ് ജില്ലയുടെ കോവിഡ് വാക്‌സിന്‍ പാഴാകുന്ന നിരക്ക്. സംസ്ഥാന ശരാശരി -3.96. കോവാക്‌സിന്‍ പാഴാകുന്ന നിരക്കില്‍ നെഗറ്റീവ് നിലയിലുള്ള ഏക ജില്ല എറണാകുളം ആണ്. -0.53 ആണ് ജില്ലയുടെ കോവാക്‌സിന്‍ പാഴാകല്‍ നിരക്ക്.
ബാക്കിയാകുന്ന വാക്‌സിന്‍ അര്‍ഹരിലേക്ക് എത്തിക്കുന്നതു മൂലമാണ് വാക്‌സിന്‍ പാഴാകല്‍ നിരക്ക് ജില്ലയില്‍ നെഗറ്റീവ് നിലയില്‍ എത്തുന്നതിനു സഹായകമായത്. പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരെ വാക്‌സിന്‍ ജോലിയില്‍ നിയമിച്ചതിനാല്‍ മറ്റ് രീതിയിലും വാക്‌സിന്‍ പാഴാകുന്നില്ല. കോര്‍ബി വാക്‌സിന്‍ പാഴാകല്‍ നിരക്ക് ജില്ലയില്‍ 6.13 ആണ്. സംസ്ഥാന ശരാശരി ആകട്ടെ 6.19.