ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത് ബി.ജെ.പി.

ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്തതു ബി.ജെ.പി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയുള്ള വിജയം എന്‍.ഡി.എയ്ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ത്രിപുരയിലും ഉത്തര്‍പ്രദേശിലുമാണ് ബി.ജെ.പി. കരുത്തു തെളിയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രതിനിധീകരിച്ചിരുന്ന സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എ.എ.പിയുടെ ഗുര്‍മെയ്ല്‍ സിങ്ങിനെ 5,800 വോട്ടുകള്‍ക്കു തോല്‍പ്പിച്ച് ശിരോമണി അകാലദള്‍ (അമൃത്സര്‍) സ്ഥാനാര്‍ഥി സിമ്രണ്‍ജിത് സിങ് മന്‍ സീറ്റ് പിടിച്ചെടുത്തു.

നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭഗവന്ത് മന്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പഞ്ചാബില്‍ എ.എ.പിക്കുണ്ടായിരുന്ന ഏക സീറ്റ് ഇതോടെ നഷ്ടമായി.

പഞ്ചാബില്‍ തീവ്ര മത രാഷ്ട്രീയ നിലപാടുകള്‍ക്കു പിന്തുണ വര്‍ധിക്കുന്നതിന്റെ സൂചനയായി സിമ്രണ്‍ജിത് സിങ് മന്നിന്റെ വിജയം വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മാസം കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലെയുടെ പിന്തുണയും മന്നിനു ലഭിച്ചിരുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ഭഗവന്ത് മന്‍ 1.10 ലക്ഷം വോട്ടിനു ജയിച്ച മണ്ഡലമാണ് എ.എ.പിക്കു നഷ്ടമായത്.

ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ രാംപുര്‍, അസംഗഡ് ലോക്സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കു ജയം. എസ്.പിയുടെ മുതിര്‍ന്ന നേതാവ് അസംഖാന്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവുന്ന മണ്ഡലമാണു രാംപുര്‍. മുന്‍ മുഖ്യമന്ത്രിയും എസ്.പി. നേതാവുമായ അഖിലേഷ് യാദവിന്റെ രാജിയെത്തുടര്‍ന്നാണ് അസംഗഡില്‍ ഒഴിവു വന്നത്.

രാംപുരില്‍ ബി.ജെ.പിയുടെ ഘനശ്യാം ലോധി 42,000 വോട്ടിന് എസ്.പിയുടെ അസിം രാജയെ തോല്‍പ്പിച്ചു. ബി.എസ്.പി. ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനാല്‍ നേരിട്ടുള്ള മത്സരമായിരുന്നു. അസംഗഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയും ഭോജ്പൂരി സിനിമാ താരവുമായ ദിനേഷ് യാദവ് നിരാഹുവ എസ്.പിയുടെ ധര്‍മേന്ദ്ര യാദവിനെ 10,000 വോട്ടിനു പരാജയപ്പെടുത്തി. 2019 ലെ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനോടു തോറ്റയാളാണ് അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ധര്‍മേന്ദ്ര യാദവ്. രാംപുരില്‍നിന്നു വ്യത്യസ്തമായ അസംഗഡില്‍ ത്രികോണപോരാട്ടമായിരുന്നു. ഇവിടെ ബി.എസ്.പി. സ്ഥാനാര്‍ഥി 30 % വോട്ടുപിടിച്ചതും എസ്.പിക്കു തിരിച്ചടിയായി.

ത്രിപുര നിയമസഭയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി. മൂന്നു സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. ടൗണ്‍ ബര്‍ദോലി മണ്ഡലത്തില്‍ മുഖ്യമന്ത്രി മണിക് സാഹ 6,104 വോട്ടിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു. അഗര്‍ത്തലയില്‍ കോണ്‍ഗ്രസിലെ സുധീപ് റോയ് ബര്‍മന്‍ ജയിച്ചു. ഇതോടെ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഏക അംഗമായി ബര്‍മന്‍. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍പോലും ജയിച്ചിരുന്നില്ല. ബി.ജെ.പിയുടെ അശോക് സിന്‍ഹയെ 3,163 വോട്ടിനാണ് ബര്‍മന്‍ തോല്‍പ്പിച്ചത്.

സി.പി.എം. കോട്ടയായിരുന്ന ജുബരാജ്നഗറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ശൈലേന്ദ്ര ചന്ദ്രനാഥ് തോറ്റു. ഇവിടെ ബി.ജെ.പിയുടെ മാലിന ദേവ്നാഥ് 4,572 വോട്ടിനു ജയിച്ചു. സുര്‍മ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സ്വപ്ന ദാസ് വിജയിച്ചു. വോട്ടെണ്ണലിനു പിന്നാലെ ത്രിപുരയിലുണ്ടായ വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ 19 പേര്‍ക്കു പരുക്കേറ്റു. അഗര്‍ത്തലയില്‍ ബി.ജെ.പി. അനുയായികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ ത്രിപുര പി.സി.സി. അധ്യക്ഷന്‍ ബിരാജിത് സിന്‍ഹ ഉള്‍പ്പെടെയുള്ളവര്‍ക്കാണു പരുക്കേറ്റത്. ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ഇരുപക്ഷത്തെയും പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി.

ഡല്‍ഹി രജീന്ദര്‍ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ എ.എ.പിയുടെ ദുര്‍ഗേഷ് പഥക് 11,000 വോട്ടിനു വിജയിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന് ഇവിടെ 2,014 വോട്ട് മാത്രമാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിലെ അത്മാകര്‍ മണ്ഡലത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.സി.പി. സ്ഥാനാര്‍ഥി ജയിച്ചു. വിക്രം റെഡ്ഡി എതിര്‍സ്ഥാനാര്‍ഥി ബി.ജെ.പിയുടെ ഭരത് കുമാര്‍ ഗുണ്ടിയപ്പള്ളിയെയാണ് ഇവിടെ തോല്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →