കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലങ്കയെ കന്നി സെഞ്ചുറി നേടിയ പാതും നിസങ്ക (147 പന്തില്‍ രണ്ട് സിക്സറും 11 ഫോറുമടക്കം 137), 85 പന്തില്‍ 87 റണ്ണുമായി റിട്ടയേഡ് ഹര്‍ട്ടായ കുശല്‍ മെന്‍ഡിസ് എന്നിവര്‍ ജയത്തിലേക്കു നയിച്ചു. കളി തീരാന്‍ ഒന്‍പത് പന്തുകള്‍ ശേഷിക്കേയാണു ലങ്ക ജയം ഉറപ്പാക്കിയത്.
നിരോഷന്‍ ഡിക്വെല (25), ധനഞ്ജയ ഡി സില്‍വ (25), നായകന് ദാസുന്‍ ശനക (0) എന്നിവര്‍ പുറത്തായി. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ലങ്ക 2-1 നു മുന്നിലാണ്. 65 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 70 റണ്ണെടുത്ത ട്രാവിസ് ഹെഡ്, നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് (85 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 62) എന്നിവരാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്.വിക്കറ്റ് കീപ്പര്‍ അലക്സ് കാരി 52 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 49 റണ്ണുമായി തിളങ്ങി. അവസാന ഓവറുകളില്‍ െന്‍ മാക്സ്വെല്ലും (18 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 33) വെടിക്കെട്ടായി. കാമറൂണ്‍ ഗ്രീന്‍ 12 പന്തില്‍ ഒരു സിക്സറടക്കം 15 റണ്ണുമായി പുറത്താകാതെനിന്നു. വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ (12 പന്തില്‍ ഒന്‍പത്) മഹീഷ തീക്ഷ്ണയുടെ കൈയിലെത്തിച്ച് ദുഷ്മന്ത ചാമീര ഓസീസിനെ ഞെട്ടിച്ചു.
മിച്ചല്‍ മാര്‍ഷിനും (23 പന്തില്‍ 10) നിലയുറപ്പിക്കാനായില്ല. മാര്‍ഷിനെ ദുനിത് വെല്ലാലാഗെ കുശല്‍ മെന്‍ഡിസിന്റെ കൈയിലെത്തിച്ചു. മാര്‍നസ് ലാബുഷാഗെയും (36 പന്തില്‍ 29) ഫിഞ്ചും ചേര്‍ന്നതോടെയാണ് ഇന്നിങ്സിനു വേഗമായത്.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 66 പന്തില്‍ 50 റണ്‍ കടന്നു. ലാബുഷാഗെയെ ലെഗ് സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സെയുടെ പന്രില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല സ്റ്റമ്പ് ചെയ്തു. മാക്സ്വെല്, ഫിഞ്ച് എന്നിവരെയും പുറത്താക്കിയ ജെഫ്രി വാന്‍ഡര്‍സെ മൂന്ന് വിക്കറ്റുമായി തിളങ്ങി. ഫിഞ്ചിനെ ധനഞ്ജയ ഡി സില്‍വ പിടികൂടി. ഹെഡും കാരിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 68 പന്തില്‍ 50 റണ്ണെടുത്തു. 59 പന്തിലാണു ഹെഡ് അര്‍ധ സെഞ്ചുറി കടന്നത്. ലങ്കയ്ക്കു വേണ്ടി ദുഷ്മന്ത ചാമീര, ദുനിത് വെല്ലാഗെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ഓസീസ് ഒരു ഘട്ടത്തില്‍ നാലിന് 121 റണ്ണെന്ന നിലയിലേക്കു വീണിരുന്നു. അവസാന ഓവറുകളില്‍ ഒറ്റയ്ക്ക് സ്കോറിംഗ് ദൗത്യം ഏറ്റെടുത്ത ഹെഡ് ഏഴാം വിക്കറ്റില്‍ ഗ്രീനുമായി ചേര്‍ന്ന് 33 പന്തില്‍ 58 റണ്‍ നേടി.

