അടുത്ത ലക്ഷ്യം ഡയമണ്ട് ലീഗ്- നീരജ് ചോപ്ര

ഫെല്‍സിങ്കി (ഫിന്‍ലന്‍ഡ്): സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ 30 മുതല്‍ നടക്കുന്ന ഡയമണ്ട് ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യയുടെ ഒളിമ്പ്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര.

കുര്‍താനെ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ താരം. ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ശേഷമുള്ള നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. കുര്‍താനെയില്‍ 86.69 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. നീരജിന്റെ ആദ്യ ഏറ് തന്നെ സ്വര്‍ണത്തിലെത്തിയിരുന്നു. മൂന്ന് അവസരങ്ങള്‍ മാത്രമാണു താരം വിനിയോഗിച്ചത്. മഴയില്‍ കുതിര്‍ന്ന പിറ്റില്‍ നീരജ് തെന്നി വീഴുകയും ചെയ്തു. പരുക്കു പറ്റാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് നീരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മഴ മൂലം പാവോ നൂര്‍മി ഗെയിംസിലെ പ്രകടനം തുടരാനായില്ലെന്നും നീരജ് കുറിച്ചു. ട്രിനിഡാഡിന്റെ കെഷ്റോണ്‍ വാല്‍കോട്ട് 86.64 മീറ്റര്‍ എറിഞ്ഞു വെള്ളിയും ഗ്രനേഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് 84.75 മീറ്റര്‍ എറിഞ്ഞു വെങ്കലവും നേടി. മഴ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു. മഴ മൂലം നീരജ് ചോപ്രയുടെ രണ്ടാമത്തെ അവസരം ഫൗളായിരുന്നു. ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഈ സീസണില്‍ രണ്ടുവട്ടം 90 മീറ്റര്‍ എറിഞ്ഞ താരമാണ്.കഴിഞ്ഞ മാസം നടന്ന ദോഹ ഡയമണ്ട് ലീഗില്‍ 93.07 മീറ്റര്‍ എറിഞ്ഞു സ്വര്‍ണം നേടിയ താരമാണ് പീറ്റേഴ്സ്. കഴിഞ്ഞ നാലു മീറ്റുകളില്‍ രണ്ടിലും പീറ്റേഴ്സ് ചോപ്രയെ മറികടന്നിരുന്നു.

പാവോ നൂര്‍മി ഗെയിംസില്‍ വെള്ളി നേടിയ ചോപ്ര തന്റെ തന്നെ ദേശീയ റെക്കോഡും തിരുത്തി. ടുര്‍കുവില്‍ നടന്ന ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞാണു നീരജ് തന്റെ തന്നെ ദേശീയ റെക്കോഡ് തിരുത്തിയത്.മികച്ച പ്രകടനം പുറത്തെടുത്ത താരം വെള്ളി മെഡല്‍ സ്വന്തമാക്കി. സീസണിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ദൂരമാണു നീരജ് കുറിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാട്യാലയില്‍ നടന്ന ഗെയിംസിലാണ് നീരജ് 88.07 മീറ്റര്‍ എറിഞ്ഞു ദേശീയ റെക്കോഡിട്ടത്. ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ എറിഞ്ഞാണു നീരജ് ഇന്ത്യക്കായി അത്ലറ്റിക്സിലെ ആദ്യ സ്വര്‍ണ മെഡലെന്ന നേട്ടം സ്വന്തമാക്കിയത്.

Share
അഭിപ്രായം എഴുതാം