ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണു ലേഖനത്തിലുള്ളത്. ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ മേല്‍നോട്ടത്തില്‍ സാമ്പത്തിക വിദഗ്ദ്ധരുടെ സംഘമാണു ലേഖനം തയാറാക്കിയത്.കുറഞ്ഞ നികുതി വരുമാനം, ഉയരുന്ന സബ്സിഡി, മറ്റ് ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് നയപരിപാടികള്‍ സ്വീകരിക്കണമെന്നു ലേഖനം നിര്‍ദേശിക്കുന്നു. ”അയല്‍രാജ്യമായ ശ്രീലങ്കയിലെ സമീപകാല സാമ്പത്തിക പ്രതിസന്ധി പൊതു കടം സുസ്ഥിരതയുടെ പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന സാമ്പത്തിക സമ്മര്‍ദം ചില മുന്നറിയിപ്പുകള്‍ നല്‍കുന്നു” ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബിഹാര്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ ഏറ്റവും കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക്, അവരുടെ മൊത്തം കടം സുസ്ഥിരമല്ല, ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതികള്‍ പുനരാരംഭിച്ചത്, അര്‍ഹമല്ലാത്ത സൗജന്യങ്ങള്‍ക്കുള്ള ചെലവ് വര്‍ധന, ബാധ്യതകളുടെ വര്‍ധന തുടങ്ങിയ കാര്യങ്ങളില്‍ തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്.എന്നാല്‍, നിരീക്ഷണങ്ങള്‍ ലേഖനം തയാറാക്കിയ സാമ്പത്തിക വിദഗദ്ധരുടേതാണെന്നും തങ്ങളുടേതായി കാണേണ്ടതില്ലെന്നും ആര്‍.ബി.ഐ. അറിയിച്ചു.