തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം 15/06/22 ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ആയിരിക്കും പരീക്ഷാഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം തന്നെ പൂർത്തിയായതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റ് ആയ keralaresults.nic.in ൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. കേരള പരീക്ഷാഭവന്റെ pareekshabhavan.kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റിൽ നിന്നും മാർക്കറ്റ് ലിസ്റ്റും ഡൗൺലോഡ് ചെയ്യാം.
ഈ വർഷം മാർച്ച് 31 ന് ആരംഭിച്ച എസ് എസ് എൽ സി പരീക്ഷയുടെയുടെ ഐടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാകേന്ദ്രങ്ങളും, ഗൾഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഉൾപ്പെടെ ആകെ 2961 കേന്ദ്രങ്ങളിൽ ആയാണ് 2022 ലെ പത്താം ക്ലാസ് പരീക്ഷ നടന്നത്. ഈ വർഷത്തെ എസ്എസ്എൽസി യിൽ റെഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും, പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്.

