തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോൺഗ്രസും തിരിച്ചടിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ അക്രമം ഇപ്പോഴും നടക്കുകയാണ്.
ആലപ്പുഴയിലായിരുന്നു ആദ്യത്തെ അക്രമം. ലീഗ് ജില്ലാ കൺവെൻഷൻ വേദിക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ചെന്ന് ആരോപണം ഉയർന്നു. ടൗൺഹാളിന് മുന്നിൽ ഇരുപക്ഷവും തമ്മിൽ സംഘർഷം നടന്നു.
പത്തനംതിട്ട അടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. തുടർന്ന് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ വഴിനീളെ പ്രതിപക്ഷ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ കീറിയെറിഞ്ഞു. മര്യാദ കേട് എപ്പോഴും സഹിച്ചെന്ന് വരില്ലെന്നും സഹികെട്ടാൽ ശക്തമായി പ്രതികരിച്ചെന്ന് വരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ഷിജു ഖാൻ പറഞ്ഞു. തുമ്മിയാൽ ഒലിച്ച് പോകുന്നതേ ഉള്ളു യൂത്ത് കോൺഗ്രസിന്റെ ഗർവെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി കൊടി നശിപ്പിക്കുന്നത് പൊലീസ് തടഞ്ഞതോടെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎഫ്ഐയുടെയും പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ അത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കി. നിരവധി പേർക്ക് പരിക്കേറ്റു.
പിന്നാലെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവന് നേരെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരം ഇടപ്പഴഞ്ഞി ഭാഗത്ത് നിന്ന് പ്രകടനമായെത്തിയ സിപിഎം പ്രവർത്തകർ വെള്ളയമ്പലത്ത് ഇന്ദിര ഭവന് സമീപമെത്തിയതോടെ ഗേറ്റിന് അകത്ത് കടന്ന് കാർ അടിച്ചുതകർക്കാൻ ശ്രമിച്ചു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കോൺഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ഈ സമയത്ത് എകെ ആന്റണി ഓഫീസിനകത്ത് ഉണ്ടായിരുന്നു.

