സംഘര്‍ഷം രൂക്ഷമായ ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നു

ശ്രീനഗര്‍: പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നു. ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.റാംബാന്‍ ജില്ലയില്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും ഭാന്ദര്‍വയില്‍ കര്‍ഫ്യൂ തുടര്‍ന്നു.ആളുകള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക് അതിനായി അവസരമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കാണിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ദോഡ, കിഷ്ത്വാര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദോഡയില്‍ വെള്ളിയാഴ്ചയുണ്ടായ കല്ലേറില്‍ സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു.

അതിനിടെ, ബി.ജെ.പി. നേതാവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി ആരോപിച്ചു. അടുത്തിടെ കശ്മീര്‍ താഴ്വരയില്‍ സാധാരണക്കാരായ ആളുകള്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രസ്താവന. മുസ്ലിംകളെ പ്രകോപിച്ച് തെരുവിലിറക്കാനും ഇതിന്റെ പേരില്‍ പിന്നീട് അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കാനും ഇതിലൂടെ ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →