മോദിയുടെ 8 വർഷത്തെ ഭരണത്തിൽ ഭാരതമാതാവ് അപമാനഭാരത്താൽ തലകുനിച്ചെന്ന് മുൻ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ പ്രാദേശിക സൂപ്പർമാർക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു. കുവൈത്തിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾ ഒഴിവാക്കിയത്.

സൂപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വിൽപനയ്ക്ക് വച്ച അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചുവച്ചശേഷം ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നീക്കം ചെയ്തു എന്ന് അറബിയിൽ കുറിപ്പും വെച്ചിട്ടുണ്ട്. കുവൈത്ത് മുസ്‍ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്ന് സൂപ്പർമാർക്കറ്റ് ഉടമ പ്രതികരിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച കൊണ്ടുള്ള ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മാനുഷിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഒന്നിച്ചു നിന്ന് നേരിടണമെന്നും സഹിഷ്ണുതയുടേയും മാനുഷിക സഹവർത്തിത്വത്തിൻ്റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു വരണമെന്നും പ്രസ്താവനയിൽ യുഎഇ വ്യക്തമാക്കി.

മോദിയുടെ 8 വർഷത്തെ ഭരണത്തിൽ ഭാരതമാതാവ് അപമാനഭാരത്താൽ തലകുനിച്ചെന്ന് മുൻ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചു. പാർട്ടി വക്താക്കളുണ്ടാക്കിയ പുകിലിൽ ബിജെപിയും കേന്ദ്രസർക്കാരും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. നുപുർ ശർമ്മയുടെ വിവാദ പ്രസ്താവനയിൽ കാൺപൂരിൽ സംഘർഷം ശക്തമായപ്പോൾ മിണ്ടാതിരുന്ന നേതൃത്വം അറബ് രാഷ്ട്രങ്ങൾ നിലപാട് കടുപ്പിച്ചതിന് ശേഷം മാത്രമാണ് ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം തുലാസിലാകും വിധം അറബ് രാഷ്ട്രങ്ങൾ ഒന്നിച്ചപ്പോൾ വക്താക്കൾക്കെതിരെ പാർട്ടിക്ക് നടപടിയെടുക്കേണ്ടിയും വന്നു.

അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാജ്യത്തിൻറെ പ്രതിഛായയ്ക്ക് മങ്ങലേൽപിച്ച നടപടി കടുത്ത ക്ഷീണമായി. ലോക രാജ്യങ്ങളുമായി കൂടുതൽ അടുക്കാനും മോദിയുടെ ഭരണ നേട്ടങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാനുമായി അടുത്തിടെ പാർട്ടി തുടങ്ങി വച്ച ബിജെപിയെ അറിയുക എന്ന പ്രചാരണ പരിപാടിക്കും തിരിച്ചടിയായി. ചില വിദേശ രാജ്യ പ്രതിനിധികളുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ചർച്ച നടത്തി വരുമ്പോഴാണ് പാർട്ടി വക്താക്കളുടെ വർഗീയ പരാമർശങ്ങൾ ഇരുട്ടടിയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →