മടത്തറ( കൊല്ലം): കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 57 പേർക്ക് പരുക്ക്. 2022 മെയ് 30 തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്ത് ചന്തയ്ക്ക് മുൻ വശത്താണ് അപകടം .പാലോടു നിന്ന് കുളത്തുപ്പുഴയ്ക്ക് പോയതാണ് കെഎസ്ആർടിസി ബസ്. തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.
കെഎസ്ആർടിസി ബസ് കയറ്റം കയറി വരുമ്പോൾ അമിത വേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇരു ബസുകളിലെയും യാത്രക്കാർക്ക് പരുക്കുണ്ട്. പരുക്കേറ്റ 15 പേരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും 42 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കെഎസ്ആർടിസി ഡ്രൈവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
ബസിൽ കുടുങ്ങിയവരെ കടയ്ക്കൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും കടയ്ക്കൽ, ചിതറ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തലയിലും ശരീരമാസകലം പരുക്കേറ്റവരാണ് അധികവും. ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്കാണ് കൂടുതലും പരുക്ക്. ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂർ സമയം തിരുവനന്തപുരം ചെങ്കോട്ട റോഡിൽ ഗതാഗതം നിലച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിർദേശം നൽകുകയും ചെയ്തു. രണ്ട് ആശുപത്രിയിലും മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ പ്രത്യേകവാർഡ് തുറക്കാൻ നിർദേശം നൽകി. പരുക്കേറ്റവരെ പറ്റിയറിയാൻ മന്ത്രിയുടെ നിർദേശ പ്രകാരം മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ നമ്പർ 0471 2528300.