കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടെർമിനലിൽ തൂണുകൾക്കിടയിൽ കുടുങ്ങി. 26/05/22 (വ്യാഴാഴ്ച) രാത്രി ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിയ KL 15 A 2323 ബസ്സാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ, തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല. യാത്രക്കാരെ ഇറക്കിയ ശേഷം ടെർമിനലിൽ ബസ് പാർക്ക് ചെയ്ത് ഡ്രൈവർ മടങ്ങുകയായിരുന്നു. പിന്നീട് ജീവനക്കാരെത്തി നോക്കിയപ്പോഴാണ് തൂണുകൾക്കിടയിൽ ബസ് കുടുങ്ങിയെന്ന് മനസ്സിലായത്. ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സുകളിലെ താൽക്കാലിക ജീവനക്കാരുടെ പരിചയക്കുറവും, ബസ് ടെർമിനലിന്റെ നിർമ്മാണ അപാകതയുമാണ് ഇത്തരം ഒരു സംഭവത്തിന് കാരണമായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പരിചയസമ്പന്നരായ ഡ്രൈവർമാർ ഉണ്ടെങ്കിൽ ട്രാക്കിൽ കയറിയ ബസ്സിനെ പുറത്തെടുക്കാൻ കഴിയും. എന്നാൽ റിസ്ക് എടുക്കാൻ ഡ്രൈവർമാർ തയ്യാറായില്ല. സാധാരണ ബസ്സുകൾ പോലും വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് കയറുന്നത്. അതിനിടെയാണ് പുതിയ സംഭവം.

