ആസാദി കാ അമൃത് മഹോത്സവം: 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി മെയ് 31ന് മുഖാമുഖം നടത്തും. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി വിപുലമായ പരിപാടി നടത്തും. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി. 13 കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ 20 വീതം ഗുണഭോക്താക്കളെയാണ് മുഖാമുഖത്തിൽ പങ്കെടുപ്പിക്കുക. സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കൈടുക്കും. ഷിംലയിൽ നിന്നാണ് പ്രധാനമന്ത്രി പരിപാടിയെ സംബോധന ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുമായി അദ്ദേഹം നേരിൽ സംവദിക്കും.

രാവിലെ 9.45ന് ചടങ്ങ് ആരംഭിക്കും. 10.55 ന് പ്രധാനമന്ത്രി സംസാരിക്കും.  ജില്ലയിൽ മുഖാമുഖം പരിപാടി വിജയിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വിപുലമായ രീതിയിൽ പരിപാടി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലയിൽ വനിത ശിശു വികസന വകുപ്പിനാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല. തദ്ദേശസ്വയം ഭരണ വകുപ്പാണ് ഇതിന്റെ ഏകോപനം നിർവഹിക്കുക. യോഗത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ ഡയറക്ടർ ടി ജെ അരുൺ, ജില്ലാ വനിത ശിശു വികസന ഓഫീസർ ഡീന ഭരതൻ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →