കാന്‍ബെറ: ബ്രിട്ടീഷ് കുടിയേറ്റക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രി ഓസ്ട്രേലിയയില്‍ അധികാരത്തിലേക്ക്. ഒരു ദശകത്തിനിടയിലെ ആദ്യ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെയാണ് സ്‌കോട്ട് മോറിസണിനു പകരക്കാരനായി ഇറ്റാലിയന്‍ വംശജനായ ആന്റണി ആല്‍ബനീസ് ഓസ്ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രി ആകുന്നത്. പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ മാറ്റത്തിനു വഴിയൊരുക്കിയത്. ഓസ്ട്രേലിയയിലെ ഏറ്റവും ദീര്‍ഘമായ രാഷ്ട്രീയ കരിയറിന് ഉടമയായ ആല്‍ബനീസ് ആധുനിക ഓസ്ട്രേലിയയെ പാര്‍ലമെന്റ് പ്രതിഫലിപ്പിക്കേണ്ട സമയമായി എന്നു പറഞ്ഞു. ഓസ്ട്രേലിയയുടെ സൗജന്യ ആരോഗ്യരക്ഷാ പദ്ധതി, എല്‍.ജി.ബി.ടി. വിഭാഗങ്ങള്‍ക്കുവേണ്ടി വാദിക്കുന്നയാള്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ആല്‍ബനീസ് റഗ്ബി ലീഗിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്. അതേസമയം, 151 അംഗ പാര്‍ലമെന്റ് അധോസഭയില്‍ ലേബര്‍ പാര്‍ട്ടിക്ക് ഇതുവരെ ഭൂരിപക്ഷമായ 76 ഉറപ്പിക്കാനായിട്ടില്ല. കേവലഭൂരിപക്ഷത്തിന് നാലുസീറ്റുകള്‍ കൂടി കുറവുണ്ടെന്നാണ് ഇതുവരെയുള്ള ഫലം കാണിക്കുന്നത്. സ്വതന്ത്രരും ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണത്തിനാണോ ലേബര്‍ പാര്‍ട്ടിയുടെ നീക്കമെന്നു കാത്തിരുന്നു കാണാം. പരാജയം അംഗീകരിക്കുന്നെന്നു വ്യക്തമാക്കിയ സ്‌കോട്ട് മോറിസണ്‍ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നുള്ള രാജിയും പ്രഖ്യാപിച്ചു. കോവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള ദുരിതകാലത്തുനിന്നു രാജ്യത്തെ കരകയറ്റാന്‍ തനിക്കൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച ജനങ്ങളോടു നന്ദി പ്രകാശിപ്പിക്കുന്നതായും പടിയിറങ്ങുന്ന പ്രധാനമന്ത്രി പറഞ്ഞു.



