തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിവസവും ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ മഴ മുന്നറിയിപ്പില്ല.
സംസ്ഥാനത്ത് മധ്യകേരളത്തിലും, വടക്കൻ കേരളത്തിലും ഒന്നു രണ്ടു ദിവസം ശക്തമായ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. കൊടുങ്ങല്ലൂരായിരുന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക് ഉള്ള മുന്നറിയിപ്പ് തുടരുകയാണ്. ജില്ലയിൽ മലയോര മേഖലയിലടക്കം മഴ പെയ്തു എങ്കിലും നാശനഷ്ടങ്ങൾ ഇല്ല.
മെയ് 18 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ദുരന്തസാധ്യതമേഖലകളുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വിവരപ്പട്ടിക പോലീസിനും ഫയർഫോഴ്സിനും കൈമാറണമെന്നും അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതലാവാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം എന്നും അറിയിച്ചിട്ടുണ്ട്.