അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്നുവേട്ട. രാജ്യാന്തര വിപണിയില്‍ 1,439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോഗ്രാം ഹെറോയിന്‍ കണ്ട്ല തുറമുഖത്തുനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) പിടികൂടി. കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്ത പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്തതായി ഡി.ആര്‍.ഐ. അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ ഇറാനില്‍നിന്ന് കണ്ട്ല തുറമുഖത്ത് എത്തിയ 17 കണ്ടെയ്നറുകളില്‍ ഒന്നില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തതെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡി.ആര്‍.ഐയുമായി ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കച്ച് ജില്ലയിലെ കണ്ട്ല തുറമുഖത്തിനു സമീപമുള്ള കണ്ടെയ്നര്‍ സ്റ്റേഷനില്‍നിന്ന് 1,300 കോടി രൂപ വിലമതിക്കുന്ന 200 കിലോ ഹെറോയിന്‍ പിടിച്ചെടുത്തതായി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ഏപ്രില്‍ 21-ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിടിച്ചെടുത്തത് 205.6 കിലോ ഹെറോയിനാണെന്നും വിപണിയില്‍ 1,439 കോടി രൂപ വിലമതിക്കുമെന്ന വിവരം ഡി.ആര്‍.ഐ. പുറത്തുവിട്ടത്.
ഇറാനിലെ ബാന്ദര്‍ അബ്ബാര്‍ തുറമുഖത്തുനിന്നെത്തിച്ച 17 കണ്ടെയ്നറുകളാണു പരിശോധിച്ചത്. ജിപ്സം പൗഡറെന്ന പേരില്‍ കൊണ്ടുവന്ന കണ്ടെയ്നറുകളില്‍ ഒന്നില്‍നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ പേരിലാണ് കണ്ടെയ്നറുകള്‍ വന്നതെങ്കിലും അങ്ങനെയൊരു സ്ഥാപനമോ ഇറക്കുമതി ചെയ്ത വ്യക്തിയെയോ കണ്ടെത്താനായില്ലെന്നും ഡി.ആര്‍.ഐ. വ്യക്തമാക്കി. തുടര്‍ന്നു നടത്തിയ വ്യാപക അന്വേഷണത്തിലൊടുവിലാണ് കണ്ടെയ്നര്‍ ഇറക്കുമതി ചെയ്ത വ്യക്തിയെ പഞ്ചാബിലെ ഗ്രാമത്തില്‍നിന്ന് ഡി.ആര്‍.ഐ. പിടികൂടിയത്. ഞായറാഴ്ച അമൃത്സര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്നലെ ഗുജറാത്തിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഗുജറാത്തില്‍നിന്ന് വന്‍മയക്കുമരുന്നു ശേഖരം പിടികൂടിയിരുന്നു. മുന്ദ്ര തുറമുഖത്തെത്തിയ രണ്ടു കണ്ടെയ്നറുകളില്‍നിന്ന് 21,000 കോടി രൂപ വിലമതിക്കുന്ന 2,988 കിലോഗ്രാം ഹെറോയിനാണ് അന്നു പിടിച്ചെടുത്തത്.