ഒമ്പതാം ക്ലാസിൽ ഇക്കൊല്ലം സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഒമ്പതാം ക്ലാസിൽനിന്ന് പത്തിലേക്ക് പ്രവേശനത്തിന് അർഹത ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും. മേയ് പത്തിനകം സ്‌കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. അസുഖമടക്കമുള്ള കാരണങ്ങളാൽ വാർഷികപരീക്ഷ എഴുതാനാകാത്ത കുട്ടികൾക്കും അവസരം നൽകും.

വാർഷികപരീക്ഷയെഴുതാനാകാത്തവർക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുകയായിരുന്നു മുൻവർഷങ്ങളിൽ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ, ഇക്കൊല്ലം കോവിഡ് കാരണം ടേം പരീക്ഷകൾ നടത്താനാകാത്തതിനാലാണ് സേ പരീക്ഷ അടക്കമുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ നടപടികൾ മേയ് നാലിനകം പൂർത്തിയാക്കണമെന്നും സ്‌കൂളുകൾക്ക് നിർദേശം നൽകി. എട്ടുവരെ ക്ലാസുകളിലെ എല്ലാവർക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകും. സ്‌കൂളുകളിൽ 2022-23 അധ്യയനവർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. രക്ഷിതാക്കൾക്ക് സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനത്തിന് അപേക്ഷ നൽകാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകൾ സമർപ്പിക്കാനാകാത്തവർക്കും താത്‌കാലികമായി പ്രവേശനം നൽകാം.

ക്ലാസ് കയറ്റം പൂർത്തിയാക്കാൻ നിർദേശം നൽകിയപ്പോഴും ഇക്കൊല്ലം എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകൾ നടത്തുമോ എന്നകാര്യത്തിൽ അവ്യക്തത. 2021-22 വർഷത്തെ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനം ഇതുവരെ വന്നിട്ടില്ലാത്തതിനാൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിച്ചിട്ടില്ല. അടുത്തക്ലാസിലേക്ക് പ്രവേശിച്ചാൽ നിലവിലെ നാല്, ഏഴ് ക്ലാസുകാർക്ക് പരീക്ഷയെഴുതാനാകുമോ എന്നും വ്യക്തമല്ല. കഴിഞ്ഞ അധ്യയനവർഷം പരീക്ഷ വൈകിയാണ് നടന്നതെങ്കിലും അതേ അധ്യയനവർഷംതന്നെ പേര് രജിസ്റ്റർചെയ്യാൻ കഴിഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →