റോഡുകളെ പറ്റിയുള്ള പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാനുള്ള മൊബൈൽ ആപ്പായ PWD 4U (പി.ഡബ്യു.ഡി 4 യു ആപ്പ്) വഴി ജില്ലയിൽ പരിഹരിച്ചത് 1577 പരാതികൾ. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. ഇതു വരെ ലഭിച്ച 2367 പരാതികൾ 790 എണ്ണം മാത്രമാണ് ഇനിയും തീർപ്പാക്കാൻ ബാക്കിയുള്ളത്. ഇവയിൽ പലതിന്റെയും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളുടെ അനുമതി കൂടി ലഭിക്കേണ്ട റോഡുകളാണ് ഇനിയും ബാക്കിയുള്ളതിൽ ചിലത്.
പൊതുമരാമത്ത് വകുപ്പിന്റെ എറണാകുളം, മൂവാറ്റുപുഴ ഡിവിഷനുകളിലായാണ് ഈ പരാതികൾ എത്തിയത്. എറണാകുളം ഡിവിഷന്റെ കീഴിൽ നിന്ന് 1,362 പരാതികളും മൂവാറ്റുപുഴ ഡിവിഷനിൽ നിന്ന് 1005 പരാതികളാണ് ലഭിച്ചത്. ഇതിൽ എറണാകുളം ഡിവിഷനിൽ 926 പരാതികളും, മൂവാറ്റുപുഴ ഡിവിഷൻ പരിധിയിൽ നിന്ന് 651 എണ്ണവും ആണ് ഇതിനോടകം പരിഹരിച്ചത്. യഥാക്രമം 436, 354 പരാതികളാണ് ഇനിയും പരിഹരിക്കാനുള്ളത്. ഇതിൽ ചിലതെല്ലാം ഒരേ റോഡിനെ പറ്റിയുള്ള ഒന്നിലധികം പേർ നൽകിയ പരാതികളാണെന്നും അധികൃതർ വ്യക്തമാക്കി. ഇവയെല്ലാം എത്രയുംവേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു.
കഴിഞ്ഞ ജൂണിലായിരുന്നു പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രശംസ നേടിക്കൊടുത്ത മൊബൈൽ ആപ്പ് ആരംഭിച്ചത്. റോഡുകളുടെ ഗുണമേന്മ ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രശ്‌നങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ആരംഭിച്ച് 10 മാസത്തിനിടെ 18595 പരാതികളായിരുന്നു സംസ്ഥാന വ്യാപകമായി ആപ്പിലൂടെ ലഭിച്ചത്. ഇതിൽ 13644 എണ്ണം ഇതിനോടകം പരിഹരിക്കാൻ കഴിഞ്ഞു.
ആപ്ലിക്കേഷനിൽ ലഭിക്കുന്ന പരാതികൾ കേന്ദ്രീകൃത പരാതി പരിഹാര സെല്ലിൽ നിന്ന് മെയിന്റനൻസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്കും അവിടെ നിന്ന് ബന്ധപ്പെട്ട ഡിവിഷനുകളിലേക്കും സബ്ഡിവിഷനുകളിലേക്കും കൈമാറുന്നതാണ് രീതി. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തിയ ശേഷം ഒരാഴ്ച കൊണ്ട് ചെയ്യാവുന്നവ മൂന്ന് മാസം കൊണ്ടോ തീര്‍ക്കാവുന്ന എന്നിങ്ങനെ തരം തിരിച്ചാണ് നൽകുന്നത്. പരിഹരിച്ച് കഴിഞ്ഞാൽ ആപ്പിൽ നിന്ന് തന്നെ പരാതിക്കാരന് ആ വിവരം അറിയാൻ കഴിയും. നിലവിൽ സംസ്ഥാന വ്യാപകമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 4000 കിലോമീറ്റർ റോഡാണ് ആപ്പിൽ ഉള്ളത്. 29000 കൂടി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



