രാജ്യത്ത് 66 കോടിയിലധികം സ്ത്രീകളുണ്ട്. പുരുഷനുമായി താരതമ്യം ചെയ്താല്‍ സ്ത്രീയുടെ വൈകാരിക പെരുമാറ്റങ്ങള്‍ വ്യത്യസ്തമാണ്. ഭീതിജനകമോ ബീഭത്സമോ ആയ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുരുഷന്‍ അതിന്റെ വികാര ആഘാതങ്ങള്‍ അധികം അനുഭവിക്കാറില്ല. വേഗത്തില്‍ അതിജീവിക്കും. നേരെ വിപരീതമാണ് സ്ത്രീയുടെ കാര്യം. ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന ദു:സ്വപ്‌നമായി അവരില്‍ അത് മാറിയേക്കാം. സ്ത്രീകളെയും കുട്ടികളെയും ദുരന്ത മുഖങ്ങളില്‍ നിന്നും ആദ്യം ഒഴിപ്പിക്കുന്നത് ഈ പ്രത്യേകത മൂലമാണ്. സ്ത്രീകള്‍ ഇരകളാകുന്ന ക്രൂര സംഭവങ്ങള്‍ മറ്റു സ്ത്രീകളില്‍ കൂടുതല്‍ ആഴത്തിലുള്ള ആഘാതങ്ങള്‍ക്ക് ഇടയാക്കും. കൂട്ടക്കൊലകളുടെ കഥയായ കുരുക്ഷേത്രയുദ്ധം തന്നെ ന്യായീകരിക്കപ്പെട്ടത് ദ്രൗപദിയ്ക്കു നേരെ നടത്തിയ ക്രൂരമായ ആത്യാചാരത്തിന്റെ പേരിലാണല്ലോ. ഇന്ത്യയില്‍ ഇതുവരെ പിറന്നുവീണ എല്ലാ പെണ്‍ തലമുറകളെയും അസ്വസ്ഥപ്പെടുത്തിയ സംഭവമായിരുന്നു കുരുരാജധാനിയില്‍ നടന്നത്.
വിവസ്ത്രയാക്കപ്പെട്ട ദ്രൗപദിക്ക് നീതി നിഷേധിക്കാൻ യുദ്ധം ചെയ്ത കേരള പുത്രർ
തീണ്ടാരിയായി ഒറ്റ വസ്ത്രം ചുറ്റി മുറിക്കുള്ളിലിരുന്ന ദ്രൗപദിയെ നൂറ് കണക്കിന് പുരുഷന്മാരുടെ നടുവില്‍ വലിച്ചിഴച്ച ദുശ്ശാസനന്റെ നടപടി ഇന്നും സ്ത്രീകളെ അസ്വസ്ഥപ്പെടുത്തുന്നു. ദുശ്ശാസനന്റെ മാറുപിളര്‍ന്ന് കൊന്നതും, അനീതി കണ്ട് ആര്‍ത്തുചിരിച്ചവര്‍ പോരില്‍ കൊല്ലപെട്ടതും, അറിഞ്ഞിട്ട് വിലക്കാത്ത തല മൂത്തവര്‍ നരകിച്ചു നശിച്ചതുമായ കഥാന്ത്യം ഇന്നും സ്ത്രീകള്‍ക്ക് സ്വസ്ഥത നല്‍കുന്നു. അങ്ങനെ കഥ അവസാനിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ പെണ്‍ തലമുറകള്‍ക്ക് മഹാഭാരതം പുണ്യഗ്രന്ഥമാകുമായിരുന്നില്ല. അന്ന് കേരളം ഉണ്ടായിരുന്നു എന്ന് മഹാഭാരതം പറയുന്നു. തീണ്ടാരി പെണ്ണിനെ രാജ്യസഭയില്‍ (ലോകസഭയിലും) എത്തിച്ച് തുണിയുരിഞ്ഞവര്‍ക്കൊപ്പമാണ് ‘കേരളപുത്ര’ന്മാര്‍ കുരുക്ഷേത്രയുദ്ധം ചെയ്തതെന്നും ചത്തൊടുങ്ങിയതെന്നും മഹാഭാരതം പറയുന്നു. നീളം കൂടിയ ആമുഖത്തില്‍ നിന്ന് വിഷയഹൃദയത്തിലേക്ക് വരാം.
തൃശ്ശൂരിലെ വീട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി എറണാകുളത്തേക്ക് കാറില്‍ സന്ധ്യകഴിഞ്ഞ് യാത്ര പുറപ്പെടുന്നു. സിനിമ അഭിനയമാണ് പെണ്ണിന്റെ തൊഴിൽ. പിന്നീട് നടന്ന കാര്യങ്ങള്‍ കോടതിയിലുള്ള കുറ്റപത്ര പ്രകാരവും അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയ പ്രകാരവും ഇങ്ങനെ ചുരുക്കാം.
മനസ്സിന്റെ പിന്നാമ്പുറത്ത് പല്ലിളിച്ച് പ്രേതങ്ങൾ
അവളുടെ വിവാഹം നിശ്ചയിച്ച് മോതിരം മാറിക്കഴിഞ്ഞിരുന്നു. ഏതൊരു ഇന്ത്യൻ പെൺകുട്ടിയെയും പോലെ ഏറ്റവും വലിയ ജീവിത മുഹൂർത്തത്തിനായി കാത്തിരിക്കുന്നവൾ. ദ്രൗപദിയെ പോലെ തീണ്ടാരി. വഴിയില്‍ വെച്ച് ഒരു സംഘം പുരുഷന്മാര്‍ വണ്ടി തടയുന്നു. അവളെ തട്ടിയെടുക്കുന്നു. വലിയൊരു വാനില്‍ കയറ്റി കൊണ്ടു പോകുന്നു. ഭീഷണി മര്‍ദ്ദനം. വസ്ത്രാക്ഷേപം. ബലാല്‍സംഗം. ഇത്രയും മതി ഏതു പെണ്ണിനും ഓര്‍ത്തു ഞെട്ടാന്‍. പക്ഷേ അതിലുമേറെ ഞെട്ടിക്കുന്ന കൃത്യം പിന്നാലെ വന്നു. നടന്നതു മുഴുവന്‍ എക്കാലവും കാണാനായോ സൂക്ഷിച്ചുവയ്ക്കാനായോ വീഡിയോ ചിത്രീകരിക്കുന്നു. തീരെ അതിജീവിക്കാനാവാത്ത രണ്ടാമത്തെ കൃത്യം. ഈ കുറ്റപത്രം വായിച്ചാല്‍ ഭയന്ന് ഞെട്ടി വിറയ്ക്കാത്ത ഏത് പെണ്ണാണ് 66 കോടിയില്‍ ഉള്ളത്? അസ്വസ്ഥപ്പെടുത്തുന്നതും മനസ്സിനെ തകരാറിലാക്കുന്നതുമായ അശുഭസംഗതികള്‍. ഇതിന്റെ മാനസിക ആഘാതത്തില്‍ നിന്നും ഈ കഥ അറിയുന്ന ഒരു പെണ്ണ് എങ്ങനെയാണ് മോചിതയാകുക. മനസ്സിന്റെ പിന്നാമ്പുറത്ത് ഒരു പ്രേതം പല്ലിളിച്ചു നില്‍ക്കുമ്പോള്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്ത ഒരാളുടെ അവസ്ഥയല്ലേ, സ്ത്രീ മനസ്സാക്ഷിയിലെ പ്രതിസന്ധി? മുടിയഴിച്ചിട്ട് കലങ്ങിയ കണ്ണുകളുമായി സ്വാസ്ഥ്യം ലഭിക്കാതെ എത്ര ഋതുകാലങ്ങളാണ് ദ്രൗപദി കാത്തിരുന്നത്. കുരുക്ഷേത്രയുദ്ധം സ്വസ്ഥത നല്‍കുന്നതുവരെ ആയിരുന്നു അത് എന്ന് മഹാഭാരതം.
നീതിനിർവഹണം അനീതിനിർവഹണം ആകരുത്.
അതിലുമേറെ ബീഭത്സമായ ഒരു സംഭവം എങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സമാശ്വസിപ്പിക്കപ്പെടുക? സ്വാസ്ഥ്യം നല്‍കുക. നീതി നിര്‍വഹിക്കപ്പെടുമ്പോള്‍ എന്ന് വ്യക്തമായ ഉത്തരം. ഇന്നത്തെ സംവിധാനങ്ങള്‍ അനുസരിച്ച് സ്വാസ്ഥ്യത്തിന്റെ വഴി ഇങ്ങനെയാണ്. പെണ്ണിന്റെ പരാതി രേഖപ്പെടുത്തുന്നു. എല്ലാവിധ തെളിവുകളും സാക്ഷിമൊഴികളും സമാഹരിക്കുന്നു. കുറ്റവാളികള്‍ ആരെന്ന് തീര്‍ച്ചപ്പെടുത്തുന്നു. അവരെ പിടികൂടി ജയിലില്‍ ആക്കുന്നു. അന്തിമമായി നീതി നിര്‍വഹിക്കുന്നതിനായി കോടതി നടപടികളും വിചാരണയും പൂര്‍ത്തിയാക്കുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു. നിരപരാധികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നു. നീതികേടിനിരയായവര്‍ സമാധാനിക്കുന്നു. അനീതിയുടെ നാറുന്ന ശവം എടുത്തുകൊണ്ടുപോയി കുഴിച്ചിട്ട് സമൂഹം സ്വാസ്ഥ്യം കൈവരിക്കുന്നു.
മൂന്ന് അനീതികൾ
എന്നാല്‍ ഇപ്പോള്‍ തെളിവുകളും സാക്ഷിമൊഴികളും സഹിതം പുറത്തുവന്ന കാര്യങ്ങള്‍ ഒരു പ്രേതത്തെ അല്ല ഒരു നൂറു പ്രേത രൂപികളെ തുറന്നു വിട്ടിരിക്കുന്നു. വണ്ടിയില്‍ നടന്ന ഹീനകൃത്യത്തിന്റെ വീഡിയോ ഡിജിറ്റല്‍ രൂപത്തില്‍ പുറത്തു നിലനില്‍ക്കുന്നു! ഏത് കാലത്തും അത് എവിടെയും ആളുകള്‍ക്ക് കാണാന്‍ ലഭ്യമാക്കാം!!
സംഭവത്തിന്റെ വിവരണം രഹസ്യ വിചാരണയില്‍ ന്യായാധിപനോട് പറഞ്ഞത് അദ്ദേഹം സ്വന്തം കൈകൊണ്ട് രേഖപ്പെടുത്തി വെച്ചിരുന്നു. വിധി പറയാനും പിന്നീട് അപ്പീല്‍ കോടതികള്‍ക്ക് വായിക്കാനും മാത്രമായിരുന്നു അത്. ഇതടക്കം രഹസ്യരേഖകള്‍ കുറ്റകൃത്യത്തിലെ പ്രതികളുടെ കൈവശം എത്തിയിരിക്കുന്നു. ഏതുകാലത്തും ആരുടെ കൈയിലും എത്തുവാന്‍ സാധ്യതയുള്ള പൊതുരേഖയായി മാറിയിരിക്കുന്നു!!
ഹീനമായ ഈ കൃത്യത്തിലെ സാക്ഷികളേ കൂറുമാറ്റാനും, തെളിവുകള്‍ വിദഗ്ധരെ ഉപയോഗിച്ച് നശിപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. പ്രതികള്‍ പിന്നിലും കോടതിയുടെ ഭാഗമായ വക്കീലന്മാര്‍ മുന്നിലും നിന്നാണ് അതെല്ലാം ചെയ്തത്. ജഡ്ജിയും വാദിയുടെയും പ്രതിയുടെയും വക്കീലന്മാരും ചേര്‍ന്നതാണ് കോടതി. എല്ലാവരും നീതിയാണ് തിരയുന്നത്. അതേ കോടതിയുടെ ഭാഗമായ വക്കീലന്മാര്‍ സാക്ഷികളെ വിലയ്‌ക്കെടുക്കുന്നു! തെളിവുകള്‍ വിദഗ്ധരെ കൊണ്ടുവന്ന് നശിപ്പിക്കുന്നു!! ഹീനമായ അനീതിയുടെ പുകയുന്ന തീച്ചൂളയില്‍ തീ മഴ പെയ്യുന്ന പോലെ.
ഇങ്ങനെയൊന്ന് രാജ്യത്ത് ആദ്യം
രാജ്യത്തെ സെഷന്‍സ് കോടതികളില്‍ ഇന്നോളം ഇത്തരമൊരു കേസ് വിചാരണയ്ക്കായി എത്തിയിട്ടില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ സംഭവം. ആണിന്റേയോ പെണ്ണിന്റേയോ മനസ്സിലെ ഏറ്റവും വികൃതമായ ഭാവനയ്ക്ക് പോലും ആവിഷ്‌കരിക്കാന്‍ കഴിയാത്തതാണ് ഈ കുറ്റകൃത്യം. ഒരു പ്രേതത്തിനോ പിശാചിനോ മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്ന ഒന്ന്. ആ കേസിലെ നീതിനിര്‍വഹണ കഥ കൂടി അറിഞ്ഞാല്‍ രാജ്യത്ത് ഏത് പെണ്ണാണ് സ്വസ്ഥമായിരിക്കുക? ഭയരഹിതയായി ഇരിക്കുക? ദേവാലയങ്ങള്‍ പോലെ കരുതപ്പെടുന്ന കോടതികളോട് എന്തായിരിക്കും സ്ത്രീകളുടെ ഇനിയുള്ള വിശ്വാസം? സുപ്രീംകോടതി അടക്കമുള്ള സകല നീതിന്യായ സ്ഥാപനങ്ങളുടെയും നിറം കെടുത്തിയ നീതിനിര്‍വഹണത്തിന്റെ ഉത്തരകാണ്ഡത്തിന് ഇന്നത്തെ നിലയില്‍ തിരശ്ശീല ഇടാന്‍ അനുവദിക്കരുത്. ദ്രൗപദിക്ക് നീതി നിഷേധിക്കുവാന്‍ കുരുക്ഷേത്രത്തില്‍ യുദ്ധംചെയ്ത് കേരളപുത്രരുടെ പഴങ്കഥ ആവര്‍ത്തിക്കരുത്. ഹൈക്കോടതി അടക്കം ഉന്നത നീതിപീഠങ്ങള്‍ സ്വന്തം അധികാരങ്ങള്‍ ഉപയോഗിച്ച് ഇടപെടണം.
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888