എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായി ചീഫ് സെക്രട്ടറി

ന്യൂഡൽഹി: ഇതുവരെ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാത്ത 3417 എൻഡോസൾഫാൻ ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു. നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ആരോഗ്യ, റവന്യൂ വകുപ്പ് കണ്ടെത്തിയവർക്കാണ് അഞ്ച് ലക്ഷം വീതം കൈമാറുന്നത്. ഇതിനായി 200 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പും ചീഫ് സെക്രട്ടറി സുപ്രീംകോടതിക്ക് കൈമാറി.

കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് എട്ട് ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി നേരത്തെ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് അത് നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായി ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്. നഷ്ടപരിഹാര വിതരണം ചർച്ചചെയ്യുന്നതിന് മാർച്ച് 16-ന് ഉന്നതതല യോഗം ചേർന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.

സുപ്രീം കോടതിയെ സമീപിച്ച ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടിത്. എന്നാൽ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകൾ 2019-ൽ സുപ്രീം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തിരുന്നു. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുവരെയും തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എൻഡോസൾഫാൻ ഇരകളാണ് സുപ്രീം സുപ്രീം കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →