മാനന്തവാടി: എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധു (42)വിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. . സീനിയർ ക്ലാർക്കായ സിന്ധു ഒൻപത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്. ഭിന്നശേഷിക്കാരിയും അവിവാഹിതയുമാണ് .സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
എന്നാൽ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണ നിഷേധിച്ചു. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരൻ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ പ്രതികരിച്ചു.
ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നത് സ്ഥിരീകരിച്ച ബിനോദ് കൃഷ്ണ പക്ഷേ അതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല. ഉദ്യോഗസ്ഥർക്കെതിരെ സിന്ധുവും പരാതി നൽകിയിട്ടില്ല. ഇന്നലെ ചിരിച്ച് കൊണ്ടാണ് സിന്ധു ഓഫീസിൽ നിന്ന് മടങ്ങിയത്. എന്താണ് മരണകാരണമെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ നോബിൾ പറയുന്നു. ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായും സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരൻ വെളിപ്പെടുത്തുന്നു. ഇക്കാരണങ്ങളാൽ സിന്ധുവിന് ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നെന്നും കുടുംബം വ്യക്തമാക്കി.



