ദേശീയ വിദ്യാഭ്യാസ നയം: മനോഭാവം മാറണമെന്ന് മോദി

ന്യൂഡല്‍ഹി: ഇരുപതാം നൂറ്റാണ്ടിലെ മനോഭാവവുമായി 21ാം നൂറ്റാണ്ടില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാം പരീക്ഷ പേ ചര്‍ച്ചയില്‍ പങ്കെടുത്തു വിദ്യാര്‍ഥികളോടും അധ്യാപകരോടും മാതാപിതാക്കളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ച ഓണ്‍െലെന്‍ വഴിയായിരുന്നു. ഇത്തവണ നേരിട്ടു നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം- അദ്ദേഹം പറഞ്ഞു.

രാജ്യമെങ്ങുമുള്ള വിദഗ്ധരില്‍നിന്ന് ഉപദേശം സ്വീകരിച്ച ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 രൂപീകരിച്ചത്. 21ാം നൂറ്റാണ്ടിനെ അഭിമുഖീകരിക്കാന്‍ ഇത്തരമൊരു നയമാണ് ആവശ്യം. ഈ നയം ഇന്ത്യയെ ഭാവിയിലേക്കു നയിക്കും. 20-ാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട ആശയങ്ങളും നയങ്ങളും 21-ാം നൂറ്റാണ്ടിലെ വികസനവുമായി ഒത്തുപോകില്ല. അധ്യാപകരുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദം വിദ്യാര്‍ഥികളുടെമേല്‍ ചെലുത്തരുത്.പരീക്ഷയോടുള്ള മനോഭാവം മാറണം. ഉത്സവം പോലെ പരീക്ഷകളെ കാണണം. മാര്‍ക്കുകളേക്കാള്‍ വിജ്ഞാനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണം. കുട്ടികള്‍ അവരുടെ സ്വപ്നങ്ങളെ പിന്തുടരട്ടേയെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ തല്‍കത്തോറ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍.അന്നപൂര്‍ണ ദേവി, സുഭാഷ് സര്‍ക്കാര്‍, രാജ്കുമാര്‍ രഞ്ജന്‍ സിങ്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുത്തു. വിദ്യാര്‍ഥികളുടെ പരീക്ഷാപ്പേടി അകറ്റാനുള്ള പരിപാടിയുടെ ഭാഗമായുള്ള സംവാദമാണ് പരീക്ഷ പേ ചര്‍ച്ച.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →