മുംബൈ: ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളെതുടര്‍ന്ന് നേട്ടം കൈവിടാതെ വിപണി. റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചയെ തുടര്‍ന്ന് യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. നിഫ്റ്റി വീണ്ടും 17,500ന് അരികെയെത്തി.സെന്‍സെക്സ് 740.34 പോയിന്റ് ഉയര്‍ന്ന് 58683.99 പോയിന്റിലും നിഫ്റ്റി 173 പോയിന്റ് ഉയര്‍ന്ന് 17498 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2001 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1213 ഓഹരികളുടെ വില ഇടിഞ്ഞു. 93 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല.അസംസ്‌കൃത എണ്ണവില കുറഞ്ഞതും റഷ്യ-യുക്രൈന്‍ ചര്‍ച്ചകളിലെ പുരോഗതിയുമാണ് വിപണിക്ക് കരുത്തായത്.
ബജാജ് ഫിന്‍സര്‍വ്, എച്ച്.ഡി.എഫ്.സി. ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഒ.എന്‍.ജി.സി, ഹിന്‍ഡാല്‍കോ, ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍, ഐ.ടി.സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് നഷ്ടംനേരിട്ട ഓഹരികള്‍. സെക്ടറല്‍ സൂചികകള്‍ നിഫ്റ്റി ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്സ്, റിയാല്‍റ്റി എന്നിവ ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി. എന്നാല്‍ മെറ്റല്‍ സൂചിക മൂന്നുശതമാനമാണ് ഇടിഞ്ഞത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ നഷ്ടത്തിലായി. ബി.എസ്.ഇ. മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 0.8-1 ശതമാനം ഉയര്‍ന്നു.കേരള കമ്പനികളും മുന്നേറ്റം തുടര്‍ന്നു. കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും ഇന്നലെ നേട്ടമുണ്ടാക്കി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് , സ്‌കൂബീഡേ ഗാര്‍മന്റ്സ് , നിറ്റ ജലാറ്റിന്‍ , റബ്ഫില ഇന്റര്‍നാഷണല്‍ , വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രധാന കേരള ഓഹരികള്‍.
ഇന്‍ഡിട്രേഡ് (ജെആര്‍ജി), പാറ്റ്സ്പിന്‍ ഇന്ത്യ, എഫ്.എ.സിടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, അപ്പോളോ ടയേഴ്സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, ഫെഡറല്‍ ബാങ്ക് എന്നീ കേരള കമ്പനികളുടെ വിലയില്‍ താഴ്ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്സ് എന്നിവയുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല.

