റാമല്ല: പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ റാമല്ലയിലെത്തിയതായി അബ്ബാസിന്റെ ഓഫിസ് അറിയിച്ചു. 2017ന് ശേഷം ആദ്യമായാണ് അബ്ദുല്ല രാജാവ് ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെത്തുന്നത്. ഇസ്രായേല്‍ വിദേശകാര്യമന്ത്രിയും നാല് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഇസ്രായേല്‍ നഗരമായ നഗേവില്‍ യോഗം ചേരുന്നതിനിടെയാണ് അബ്ദുല്ലയുടെ സന്ദര്‍ശനം. മുസ്ലിം പുണ്യമാസമായ റമദാനിന് ഒരാഴ്ച മുമ്പാണ് അബ്ദുല്ല രാജാവിന്റെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലും അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു. റമദാനിലെ അശാന്തി നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോര്‍ദാന്‍ രാജാവ് ഈ മാസം ആദ്യം ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡുമായി കൂടിക്കാഴ്ച നടത്തി.1967ല്‍ ജോര്‍ദാനില്‍ നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത വെസ്റ്റ്ബാങ്ക് ‘പൊട്ടിത്തെറിയുടെ’ വക്കിലാണ് എന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.