തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന ബജറ്റില്‍ 2000 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി വഴിയായിരിക്കും ഭൂമി ഏറ്റെടുക്കല്‍ നടത്തുകയെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാന ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്കായി 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാനും നഷ്ടപരിഹാരത്തിനുമായി ബജറ്റില്‍ 25 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഏഴ് കോടി രൂപ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവർക്കാണ്.
മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്നതിനായി രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്റെ മേല്‍നോട്ടച്ചുമതല. ചക്ക ഉത്പനങ്ങൾക്ക് പിന്തുണ നൽകുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
മൂല്യവർധിക കാർഷിക മിഷനും അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. ഏഴ് ജില്ലകളിലായി അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ വരും. ഇതിനായി 175 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണത്തിന് പുതിയ മാർക്കറ്റിംഗ് കമ്പനി രൂപപ്പെടുത്തും ഇതിനായി 100 കോടി രൂപ വകയിരുത്തി. മൂല്യവർധിത ഉത്പന്ന വിപണനത്തിനും കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനും 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍.

