പനാജി: ഐ.എസ്.എല്‍ സീസണിലെ പതിനഞ്ചാം മത്സരത്തിനിറിങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയം ഈസ്റ്റ് ബംഗാളിനെതിരേ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട വിജയം സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. ഈ ജയത്തോടെ ടോപ് ഫോറിലേക്ക് തിരികെയെത്താന്‍ ബ്ലാസ്റ്റേഴ്സിനായി. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണില്‍ ബ്ലാസ്റ്റേഴ്സ് ഏഴ് ജയങ്ങള്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. വലിയ മുന്നേറ്റങ്ങള്‍ക്കൊന്നും കളമൊരുക്കാന്‍ സാധിക്കാതെ അവസാനിച്ച ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. എന്നാല്‍ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിനു മൈതാനത്ത് ആധിപത്യം സ്ഥാപിക്കാനായെങ്കിലും നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ടീം പരാജയപ്പെട്ടു.25-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ജീക്സന്റെ ഹെഡര്‍ നേരെ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പറുടെ കൈകളിലേക്ക് പോയി. ഇതിനു പിന്നാലെ 28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വലതു വിങ്ങില്‍ നിന്ന് വന്ന ഒരു അറ്റാക്ക് സഹലില്‍ എത്തിയെങ്കിലും താരത്തിന്റെ ഷോട്ട് ടാര്‍ഗറ്റിലേക്ക് എത്തിയില്ല.രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച് വിജയം സ്വന്തമാക്കാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് ഉദ്യമത്തില്‍ വിജയം കണ്ടു. 49-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. പൂട്ടിയ എടുത്ത കോര്‍ണര്‍ ഈസ്റ്റ് ബംഗാള്‍ ഡിഫന്‍സിന്റെ മുകളിലൂടെ ഉയര്‍ന്ന് ചാടി സിപോവിച് ഹെഡ് ചെയ്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തില്‍ ലീഡ് ഉയര്‍ത്തിയെങ്കിലും പതിവ് ഫോമിലേക്കെത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ഈ വിജയത്തോടെ 15 മത്സരങ്ങളില്‍ 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.
29 പോയിന്റുമായി ഒന്നാമതുള്ള ഹൈദരാബാദിനെക്കാള്‍ ഒരു മത്സരം കുറവാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിരിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ നിലവില്‍ പത്താം സ്ഥാനത്താണ്.
ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്സിന് വിജയം
