പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോളിലെ ആദ്യസ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയെ ഞെട്ടിച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിനാണ് എ.ടി.കെയുടെ ജയം. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളും പിറന്നത്. മൂന്നു മിനിറ്റിന്റെമാത്രം ഇടവേളയില്‍ രണ്ടു ഗോളുകളടിച്ചാണ് എ.ടി.കെ. മോഹന്‍ ബഗാന്‍ വിജയതീരമണഞ്ഞത്. ലിസ്റ്റണ്‍ കൊളാസോ 56-ാം മിനിറ്റില്‍ അവരുടെ ആദ്യ ഗോളിന് അവകാശിയായി. 59-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ എ.ടി.കെ. പട്ടിക തികച്ചു. ഓസ്ട്രേലിയന്‍ താരം ജോയല്‍ ജോസഫ് ചിയാനീസിലൂടെ 67-ാം മിനിറ്റില്‍ ഹൈദരാബാദ് ഒരു ഗോള്‍ മടക്കി. സമനിലയ്ക്കായി പിന്നീടും അവര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും വിജയിക്കാനായില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ലിസ്റ്റണ്‍ കൊളാസോയ്ക്ക് ഇരട്ടഗോളടിക്കാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആളൊഴിഞ്ഞ ഹൈദരാബാദ് പോസ്റ്റിലേക്ക് ഒറ്റയ്ക്കു മുന്നേറിയ കൊളാസോ, ഗോളി കട്ടിമണിയെ കബളിപ്പിച്ച് ഗോളിലേക്കു ലക്ഷ്യം വച്ചെങ്കിലും പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറന്നു. അവസാന നാലു കളിയില്‍ മൂന്നു ജയവും ഒരു സമനിലയുമായി തകര്‍പ്പന്‍ ഫോമിലായിരുന്ന ഹൈദരാബാദ് നിരയെ ഭയക്കാതെ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്താണ് എ.ടി.കെ. വിജയം കൊയ്തത്. തോറ്റെങ്കിലും 15 കളിയില്‍ 26 പോയിന്റുമായി ഹൈദരാബാദ് തന്നെയാണ് ഒന്നാമത്. 13 കളിയില്‍ 23 പോയിന്റുമായി എ.ടി.കെ. നാലാം സ്ഥാനത്തേക്കു കയറി.
എ.ടി.കെയ്ക്കു ജയം
