ഡെറാഡൂണ്‍: കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഹരീഷ് റാവത്തിനെ മുസ്ലിം പണ്ഡിതനായി ചിത്രീകരിച്ചാണ് ചിത്രം ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഫെബ്രുവരി മൂന്നിന് രാത്രി 9.34നാണ് മോര്‍ഫ് ചെയ്ത ചിത്രം ഉത്തരാഖണ്ഡ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്.
ഹരീഷ് റാവത്തിനെ ഒരു പ്രത്യേക സമുദായത്തിന്റെ പ്രതിനിധിയായി തെറ്റായി ചിത്രീകരിക്കുന്നതാണ് ചിത്രമെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്തിരുന്നു.