കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും സഹോദരന്‍ ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്.
സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയെത്തുടർന്ന് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യലിനായി മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കൂടാതെ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാന്‍ പ്രോസിക്യൂഷനോടും നിർദേശം നൽകിയിരുന്നു. ഹൈക്കോടതി വിധി പറയാനിരിക്കെ ദിലീപിന്റെ വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് സംഘമെത്തിയിരുന്നു. വിധി അന്വേഷണസംഘത്തിന് അനുകൂലമാകുകയാണെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ ഉദ്ദേശിച്ചാണ് ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടില്‍ എത്തിയത്. എന്നാൽ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് സംഘം മടങ്ങി.
പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ കോടതിയില്‍ മറുപടി വാദം എഴുതി നൽകിയിരുന്നത്. എൻ.ആർ.ഐ ബിസിനസുകാരന്റെ മൊഴിപോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്താൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോയിലുള്ള ശബ്ദം മിമിക്രിയാണന്നാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് ഓഡിയോ കേൾക്കുന്നതെന്നും ഇതിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നം ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ഓഡിയോ വിദഗ്ധരായവർ പരിശോധിച്ച് ആധികാരികത ഉറപ്പാക്കണമെന്നുമായിരുന്നു ദിലീപിന്റെ വിശദീകരണം.