‘പുറമെ മന്ത്രിയും പണിക്കാരുമൊക്കെ ആണെങ്കിലും അന്തർധാര സജീവമാണെന്നാ കേൾക്കുന്നേ..’ എന്ന പേരിൽ കെ.ബാബു എം എൽ എയുടെ വീഡിയോ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ചർച്ചകൾക്കും തിരിച്ചടികൾക്കും കൂടിയാണ് തുടക്കമിട്ടിരിക്കുന്നത് .സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ശിവശങ്കറിനെയും ന്യായീകരിച്ച് സിപിഎം നേതാക്കളടക്കം നടത്തിയ ചാനൽ ചർച്ചകൾ ഇപ്പോൾ കുത്തിപ്പൊക്കുകയാണ് കോൺഗ്രസ്. ഇക്കൂട്ടത്തിൽ മുൻ എംഎൽഎ കൂടിയായ എം.സ്വരാജ് നടത്തിയ കുണ്ടന്നൂർ പാലത്തിന്റെ ഉദാഹരണം പങ്കുവച്ച് രസകരമായ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് കെ.ബാബു എംഎൽഎ.

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിന്റെ പേരോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘കുണ്ടന്നൂരിൽ വലിയ മേൽപ്പാലം ഇപ്പോൾ പണിഞ്ഞ് കൊണ്ടിരിക്കുകയാണ്. പിഡബ്ല്യുഡിയുടെ ആ വലിയ ഫ്ലൈ ഓവറിന്റെ നിർമാണം ടെൻഡർ വിളിച്ച് ഒരു കരാറുകാരന്കൊടുക്കുന്നു. ആ കരാറുകാരൻ അതൊരു സബ് കോൺട്രാക്ടർക്ക് കൊടുക്കുന്നു. ആ സബ് കോൺട്രാക്ടർ ആയിരം തൊഴിലാളികളെയും കൂട്ടി അവിടെ പണിയുന്നു. അതിെനാരു സൂപ്പർവൈസറെ വയ്ക്കുന്നു..ആ സൂപ്പർവൈസർ സ്വർണം കടത്തിയാൽ പൊതുമരാമത്ത് മന്ത്രി രാജി വയ്ക്കണോ?’ ഇതായിരുന്നു അന്ന് സ്വരാജ് പറഞ്ഞ ഉദാഹരണക്കഥ.

ഇന്ന് സ്വപ്നയുടെ പ്രതികരണം വന്നതോടെ ഈ കഥയിൽ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ചിത്രങ്ങൾ അടക്കം ഉപയോഗിച്ച് ഈ കഥയുടെ ദൃശ്യാവിഷ്കരണം ഒരുക്കി പരിഹസിക്കുകയാണ് കെ.ബാബു. ‘പുറമെ മന്ത്രിയും പണിക്കാരുമൊക്കെ ആണെങ്കിലും അന്തർധാര സജീവമാണെന്നാ കേൾക്കുന്നേ..’ എന്നാണ് അദ്ദേഹം നൽകിയ തലക്കെട്ട്.നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്ന വിവരം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് നേരത്തേതന്നെ അറിയാമായിരുന്നുവെന്നു സ്വപ്ന വ്യക്തമാക്കിയിരുന്നു.

സ്വർണം പിടികൂടിയതിന്റെ തലേന്നു രാത്രി സെക്രട്ടേറിയേറ്റിനു സമീപം ശിവശങ്കർ താമസിക്കുന്ന ഫ്ലാറ്റിൽ പോയിരുന്നു. ബാഗേജിൽ സ്വർണമാണെന്ന് അറിയിച്ചു. വിഷമിക്കേണ്ടെന്നും കോവിഡ് ആയതിനാലാണ് ബാഗേജ് പിടിച്ചുവെച്ചിരിക്കുന്നതെന്നും ഉടൻ വിട്ടുതരുമെന്നുമാണ് ശിവശങ്കർ അന്വേഷിച്ചു മറുപടി തന്നത്. അന്ന് അവിടെ മറ്റൊരു ഫ്ലാറ്റിൽ താമസിച്ചതായും കേസിൽ ഇപ്പോൾ ജാമ്യത്തിലുളള സ്വപ്ന പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →