തിരുവനന്തപുരം: നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോ എന്ന് അന്വേഷിച്ചത് ദിലീപിന്റെ സഹോദരി ഭർത്താവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ . ഇത് തെളിയിക്കുന്ന ചാറ്റ് ബാലചന്ദ്രകുമാർ പുറത്ത് വിട്ടു. ബിഷപ്പിനെ അറിയാമോ എന്ന് ആദ്യം ചോദിച്ചത് ദിലീപിന്റെ അളിയനാണ്. ബിഷപ്പിനെ അറിയാമെന്നും സഹായത്തിനായി വിളിക്കാമെന്നും താനാണ് അങ്ങോട്ട് പറഞ്ഞതെന്ന ദിലീപിന്റെ വാദം തെറ്റെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇന്ന് തന്‍റേതായി പുറത്ത് വന്ന ശബ്ദരേഖയിൽ ദിലീപിനോട് സുഹൃത്തെന്ന നിലയിലാണ് സഹായം ചോദിച്ചതെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു.
താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണ് ദിലീപിന് പുറത്ത് വിട്ടത്. ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു. കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. 2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് ഇപ്പോൾ താൻ പുറത്തുവിട്ടിരിക്കുന്നതെന്നും ദിലീപ് പറയുന്നു.
തന്റെ 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്. ബാലചന്ദ്രകുമാറിന്റെ ആവശ്യങ്ങൾ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്‍റെ വാദം. തനിക്ക് രണ്ടുപേരിൽ നിന്നായി 19 ലക്ഷം രൂപ കടം ഉണ്ട്. അത് വീട്ടാൻ ദിലീപിടപെട്ട് കൂടുതൽ സമയം ചോദിക്കണം. ഏഴു വർഷം പിറകേ നടന്നതിന് ഇതെങ്കിലും ചെയ്ത് തരണം. ഈ ഓഡിയോ സന്ദേശത്തെ എങ്ങനെ വേണമെങ്കിലും കരുതാമെന്നും ബാലചന്ദ്രകുമാർ പറയുന്നു.
ഇതിനിടെ ദിലീപിന്റെ കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു, കാക്കനാടെ ചിത്രാഞ്ജലി സ്റ്റുഡിയോ അധികൃതരമായി അന്വേഷണസംഘം സംസാരിച്ചിരുന്നു. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു. ദിലീപും സഹോദരൻ അനൂപും ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങൾ പുറത്തുവരുന്നത്.
ദിലീപ് അനുജൻ അനൂപിന് കൊടുക്കുന്ന നിർദേശമാണ് താൻ പുറത്തുവിട്ട ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ഗ്രൂപ്പിലിട്ട് എങ്ങനെ കൊല്ലണം എന്ന് ഒരു സിനിമയിലെ രംഗം കൂടി ഉദാഹരിച്ച് കൊണ്ടാണ് ദിലീപ് വിശദമാക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്‍റെ അനുജൻ അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്രകുമാർ പുറത്തുവിട്ടു.
ഒരാളെ കൊല്ലുമ്പോൾ എങ്ങനെ തെളിവ് നശിപ്പിക്കാം എന്നാണ് അനൂപ് പറയുന്നതെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ഓരോ അന്വേഷണ ഉദ്യോഗസ്ഥനെയും കൊല്ലേണ്ട രീതിയെ കുറിച്ചള്ള കൂടുതൽ ശബ്ദരേഖകൾ ഉണ്ടെന്നും അന്ന് സംസാരിച്ച മുഴുവൻ കാര്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വിശദീകരണം. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള ഗൂഢാലോചന വ്യക്തമായി നടന്നു എന്നതിന്റെ തെളിവാണിതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു