ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട്

ന്യൂയോര്‍ക്ക്: ഉസാമ ബിന്‍ ലാദന്റെ ലാദന്റെ മകന്‍ അബ്ദല്ല ബിന്‍ ലാദന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട്. 2021 ഒക്ടോബറിലാണ് ഇയാള്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ, അഫ്ഗാനിലെ വിദേശ പോരാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ താലിബാന്‍ നടപടി സ്വീകരിച്ചെന്നതിന് സൂചനകളൊന്നുമില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനില്‍ സമീപകാല ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും കൂടുതല്‍ സ്വാതന്ത്ര്യം സായുധ സംഘങ്ങള്‍ക്ക് ഇന്ന് അഫ്ഗാനിസ്താനില്‍ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യുഎന്‍ രക്ഷാ സമിതിയുടെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്റ് സാങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 29ാംമത് റിപോര്‍ട്ടാണ് ഈ ആഴ്ച പ്രസിദ്ധപ്പെടുത്തിയത്. ഐഎസ്, അല്‍ഖാഇദ സംഘങ്ങള്‍ക്കെതിരായ ഉപരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ഷത്തില്‍ രണ്ടുതവണയാണ് യുഎന്‍ ഈ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. 2021 ആഗസ്തിലാണ് താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം ഏറ്റെടുത്തത്. ഇതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെയും അയല്‍രാജ്യങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികള്‍ യു എന്‍ റിപ്പോര്‍ട്ട് അവലോകനം ചെയ്യുന്നുണ്ട്.

Share
അഭിപ്രായം എഴുതാം