തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍. അവസാന ഇരുപതുമിനിറ്റില്‍ ആളെണ്ണത്തില്‍ ഒരാള്‍ കുറഞ്ഞിട്ടും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്. പെരേര ഡയസിലൂടെ മുന്നില്‍ക്കയറിയ ബ്ലാസ്റ്റേഴ്സിനായി പട്ടിക പൂര്‍ത്തിയാക്കിയത് അതിശയഗോളുമായി അല്‍വാരോ വാസ്‌ക്വേസ്. 13 കളിയില്‍ ആറു ജയവും രണ്ടു സമനിലയുമായി 23 പോയിന്റ് അക്കൗണ്ടിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തി. 14 കളിയില്‍ 24 പോയിന്റുള്ള ഹൈദരാബാദ് എഫ്.സിയാണ് ഒന്നാമത്. കേരളത്തേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ജംഷേഡ്പൂര്‍ 22 പോയിന്റുമായി മൂന്നാമതും 14 കളിയില്‍ 20 പോയിന്റുമായി ബംഗളുരു എഫ്.സി. നാലാമതുമാണ്. താരങ്ങള്‍ക്കു കോവിഡ് പിടിപെട്ട് അവസാന ഇലവനെ കളത്തിലിറക്കാന്‍ ബുദ്ധിമുട്ടി കഴിഞ്ഞ മത്സരം തോറ്റ ബ്ലാസ്റ്റേഴ്സിനെയല്ല ഇന്നലെ തിലക് മൈതാനത്തു കണ്ടത്. വിജയവഴിയില്‍ തിരിച്ചെത്തണമെന്ന അദമ്യ മോഹവുമായി ടീം ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ചു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈ്സ്റ്റിലെ കെട്ടുകെട്ടിക്കാനുറച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വരവ്. ആദ്യപകുതിയില്‍ കരുതലോടെയാണ് ഇരുടീമുകളും കളിച്ചത്. ആദ്യപകുതി അവസാനിക്കാന്‍ നാലു മിനിറ്റുള്ളപ്പോള്‍ കോര്‍ണറില്‍നിന്നുള്ള ജീക്സണ്‍ സിങ്ങിന്റെ ഹെഡര്‍ ബാറിലുരസി പുറത്തേക്കു പോയി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി. വാസ്‌ക്വേസും അഡ്രിയാന്‍ ലൂണയും നോര്‍ത്തീസ്റ്റ് ഗോളി സുഭാശിഷ് ചൗധരിയെ തുടര്‍ച്ചയായി പരീക്ഷിച്ചു. 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. നിഷു കുമാറില്‍നിന്നു പാസ് സ്വീകരിച്ച ഹര്‍മന്‍ ജ്യോത് ഖബ്ര ബോക്സിലേക്കു മറിച്ചു നല്‍കിയ പന്ത് പെരേര ഡയസ് തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളാക്കി.

എട്ടുമിനിറ്റിനുശേഷം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി കളത്തിനു പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്തുപേരായി ചുരുങ്ങി. ഇതു മുതലെടുക്കാനായി നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമമെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അക്ഷോഭ്യരായി നിലകൊണ്ടു. 82-ാം മിനിറ്റില്‍ മിസ്പാസില്‍നിന്നു പന്തു പിടിച്ച് 65 വാര അകലെനിന്നു വാസ്‌ക്വേസ് തൊടുത്ത ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളിയുടെ ഡൈവ് നിഷ്പ്രഭമാക്കി വലയില്‍ക്കയറി. അതിശയഗോളില്‍ ജയമുറപ്പിച്ച ബ്ലാസ്റ്റേഴ്സിനെതിരേ ഇന്‍ജുറി സമയത്ത് മുഹമ്മദ് ഇര്‍ഷാദ് ഒരുഗോള്‍ മടക്കി. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ അര്‍ഹിച്ച ജയവുമായി ബ്ലാസ്റ്റേഴ്സ് മൈതാനംവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →