ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രയേലില്‍ നിന്ന് പെഗസസ് സോഫ്റ്റ് വെയര്‍ വാങ്ങിയെന്ന ന്യുയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന 2017ലെ പ്രതിരോധ കരാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 2017ല്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യ- ഇസ്രയേല്‍ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യ പെഗസസ് സോഫ്‌റ്റ്വെയര്‍ വാങ്ങിയെന്നായിരുന്ന കഴിഞ്ഞ ദിവസം ന്യുയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപോര്‍ട്ട്. വാര്‍ത്ത പുറത്തുവന്നതോടെ രാജ്യദ്രോഹത്തിന് സമാനമായ നിയമവിരുദ്ധ ഒളിച്ചുകളി കേന്ദ്രസര്‍ക്കാര്‍ നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിനു പിന്നാലെയാണ് വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി നല്‍കുന്നത്. നേരത്തെ ഈ വിഷയത്തില്‍ പരാതിയുമായി രംഗത്തെത്തിയ അഭിഭാഷകന്‍ എം എല്‍ ശര്‍മ തന്നെയാണ് ഇപ്പോള്‍ ഹരജി നല്‍കിയത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ നടത്തിയ പ്രതിരോധ കരാര്‍ റദ്ദാക്കണമെന്നും ഇതിനു വേണ്ടി ചെലവഴിച്ച തുക തിരിച്ചെടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
പെഗസസ്: 2017ലെ പ്രതിരോധ കരാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
