കാട്ടുപന്നി ശല്യം : നാട്ടുകാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു

നെന്മാറ : കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്‌ നെല്‍പാടങ്ങളില്‍ കര്‍ഷകര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. തിരുവാഴിയോട്‌ പുത്തന്‍തറ പാടശേഖര സമിതിയിലെ കര്‍ഷകരാണ്‌ വൈദ്യുതി വേലി സ്ഥാപിച്ചത്‌. കാട്ടുപന്നികള്‍ അക്രമാസക്തരായി ആളുകളെയും ആക്രമിക്കാന്‍ തുടങ്ങിയതോടെ കാവല്‍പുരകള്‍ സുരക്ഷിതമല്ലാതാവുകയും റാന്തല്‍ വിളക്ക്‌ തെളിയിച്ച്‌ ശബ്ദമുണ്ടാക്കല്‍ ഇവയൊന്നും ഫലവത്താകാതെയാവുകയും ചെയ്‌തു.കൂടാതെ കാവലിന്‌ ആളെ വയ്‌ക്കുന്നത്‌ ഭാരിച്ച ചെലവ്‌ വരുത്തുന്നതുമാണ്‌.

ഈ സാഹചര്യത്തിലാണ്‌ വൈദ്യുതി വേലികള്‍ സ്ഥാപിച്ചത്‌. വിളവെടുപ്പുകഴിഞ്ഞാല്‍ എടുത്തുമാറ്റാവുന്ന തരത്തിലാണ്‌്‌ നിര്‍മാണം . ചാര്‍ജ്‌ ചെയ്‌ത വലിയ ബാറ്ററികളില്‍ നിന്നും എനര്‍ജൈസര്‍ എന്ന പ്രത്യേക ഇലക്ട്രോണിക്ക്‌ ഉപകരണത്തിലൂടെ 12 വോള്‍ട്ട്‌ വൈദ്യുതി ഉയര്‍ന്ന ആമ്പിയറില്‍ മിനിട്ടില്‍ 5 ഉം 10 ഉം തവണ ഇടവേളകളില്‍ കടത്തി വിട്ടാണ്‌ വൈദ്യുതി വേലി പ്രവര്‍ത്തിക്കുന്നത്‌.

ഉയര്‍ന്ന തോതിലുളള ഷോക്ക്‌ ഏല്‍ക്കുമെങ്കിലും ആളപായം ഉണ്ടാവാറില്ല. രാത്രികാലങ്ങളില്‍ മാത്രമാണ്‌ ഇപ്പോള്‍ വൈദ്യുതി വേലി പ്രവര്‍ത്തിക്കുന്നത്‌. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ വനംവകുപ്പ്‌ മുന്നിട്ടിറങ്ങി കര്‍ഷകരെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കണമെന്ന്‌ കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →