മൂലമറ്റം: വെളളിയാമറ്റം പൂച്ചപ്രയില്‍ യുവാവ് മദ്ധ്യവയസ്‌ക്കനെ വെട്ടിക്കൊന്നുപൂച്ചപ്ര കല്ലംപ്ലാക്കല്‍ സനല്‍ (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചേലപ്ലാക്കല്‍ അരുണിനെ (ഉണ്ണി-38)നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറി.
2022 ജനുവരി 22ന് രാത്രി എട്ടുമണിയോടെ അരുണിന്റെ വീട്ടിലാണ് സംഭവം. സനലും അരുണും സുഹൃത്തുക്കളായിരുന്നു. അവിവാഹിതനായ അരുണ്‍ ഒറ്റക്കുതാമസിക്കുന്ന വീട്ടില്‍ ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും അരുണ്‍ വാക്കത്തികൊണ്ട് സനലിനെ വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ശരീരമാസകലം വെട്ടേറ്റ സനല്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
ബഹളം കേട്ട നാട്ടുകാര്‍ ഓടിയെത്തി. സനലിനെ താന്‍ വെട്ടിക്കൊന്നെന്ന് അരുണ്‍ പറഞ്ഞതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. നാട്ടുകാരെത്തിയപ്പോള്‍ സനല്‍ രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ഇതോടെ നാട്ടുകാര്‍ അരുണിനെ തടഞ്ഞുവയ്‌ക്കുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കാഞ്ഞാറില്‍ നിന്നെത്തിയ പോലീസ് അരുണിനെ അറസ്‌റ്റ് ചെയ്‌തു. രാത്രി വൈകിയതിനാല്‍ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയില്ല. ഇന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു. കാഞ്ഞാര്‍, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.