പനാജി: സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് ഗോവ ബിജെപിയില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു.മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ ബി.ജെ.പി. വിട്ടതിനു പിന്നാലെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മീകാന്ത് പര്‍സേക്കറാണ് ബി.ജെ.പി വിട്ടത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രികാ സമിതി തലവന്‍കൂടിയാണ് 65 വയസുകാരനായ ലക്ഷ്മീകാന്ത് പര്‍സേക്കര്‍. അദ്ദേഹത്തിന്റെ തട്ടകമായ മാന്‍ഡ്രേം സീറ്റില്‍ സിറ്റിങ് എം.എല്‍.എ. കൂടിയായ ദയാനന്ദ് സോപ്തെയെത്തന്നെ മത്സരിപ്പിക്കാനാണ് ബി.ജെ.പി. തീരുമാനിച്ചത്. ഇതാണ് പര്‍സേക്കറെ ചൊടിപ്പിച്ചത്. 2002 മുതല്‍ 2017 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് പര്‍സേക്കറായിരുന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ദയാനന്ദ് സോപ്തെ പര്‍സേക്കറെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍, 2019-ല്‍ മറ്റ് ഒമ്പതു നേതാക്കള്‍ക്കൊപ്പം സോപ്തെ ബി.ജെ.പിയില്‍ ചേര്‍ന്നു. മാന്‍ഡ്രേമിലെ യഥാര്‍ഥ ബി.ജെ.പി. പ്രവര്‍ത്തകരെ അവഗണിച്ചാണ് സോപ്തെയ്ക്കു സീറ്റ് നല്‍കിയതെന്ന് പര്‍സേക്കര്‍ ആരോപിച്ചു.