തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിന്റെ തിരിച്ചടവ് ഉറപ്പുളളവയെന്ന് വിലയിരുത്തിയ 90 കോടി രൂപയുടെ വായപകള്‍ ഏറ്റെടുക്കാന്‍ തയാറായി കേരള ബാങ്ക്. ഇതിലൂടെ കരുവന്നൂര്‍ ബാങ്കിന് നിക്ഷേപ തുക മടക്കി നല്‍കുന്ന പ്രവര്‍ത്തനം ഊര്‍ജിത പ്പെടുത്താന്‍ കഴിയും . ബാങ്കിന്റെ പ്രവര്‍ത്തന തുടര്‍ച്ച ഉറപ്പാക്കുന്നതിന് സഹായിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അനുകൂല നിലപാടാണ് കേരളാ ബാങ്കിനുളളത്. പ്രതിസന്ധിഘട്ടത്തില്‍ അംഗസംഘത്തെ സഹായിക്കാനുളള ബാധ്യത നിറവേറ്റുക എന്നതുകൂടി പരിഗണിച്ചാണ് തീരുമാനം.
കരുവന്നൂര്‍ ബാങ്കില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ഗണനാ ക്രമം അനുസരിച്ച് നിക്ഷേപ തുക തിരിച്ചുനല്‍കാനുളള ശ്രമം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 16 കോടിയിലധികം രൂപ മടക്കി നല്‍കിയിട്ടുണ്ട്. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുന്നതിനും ബാങ്കിനോടുളള വിശ്വാസ്യത ഉറപ്പിക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് . ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ എല്ലാ നിക്ഷേപകരുടെയും പണം തിരികെ നല്‍കുമെന്ന ഉറപ്പുണ്ട്. വിവിധ വായ്‌പാ പദ്ധതികളിലൂടെ 374 കോടി രൂപ പുറത്തുനില്‍ക്കുന്നതായാണ് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ വിലയിരുത്തല്‍.
ആസ്‌തി ബാധ്യതകള്‍ തിട്ടപ്പെടുത്തല്‍, വായ്‌പകളുടെ തിരിച്ചടവ് ഉറ്‌പ്പാക്കല്‍, നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കല്‍ എന്നിവയില്‍ സഹകരണ വകുപ്പും ബാങ്കിനെ സഹായിക്കും. ഇതിനായി സെയില്‍ ഓഫീസറുടെ സേവനം നല്‍കാന്‍ ധാരണയായി. നിഷ്‌ക്രിയ വായ്‌പകളില്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ക്കടക്കം നേതൃത്വം നല്‍കും. ആര്‍ബിട്രേഷന്‍ വിധിയായിട്ടും നടപടിയെടുക്കാത്ത 230 കേസ് ബാങ്കിലെ ക്രമക്കേടുകള്‍ അ്‌ന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. 29 കേസില്‍ വിധിവരാനുണ്ട്. 575 കേസില്‍ ആര്‍ബട്രേഷന്‍ നടപടി സ്വീകരിക്കണം. ഇതിനും സെയില്‍ ഓഫീസര്‍ നേതൃത്വം നല്‍കും.

