എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകം: സംസ്ഥാനത്ത് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം

കൊല്ലം : ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ചിലയിടങ്ങളിൽ പ്രതിഷേധ മാർച്ച് സംഘർഷാവസ്ഥയിലേക്ക് എത്തി.

ചവറയിൽ എൻ കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന പരാതി ഉയർന്നു. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു.

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ-കെഎസ്‍യു സംഘർഷമുണ്ടായി. 10 പേർക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ മഹാരാജാസ് കോളേജിൽ പ്രകടനം നടത്തുന്നതിനിടയിലായിരുന്നു സംഘർഷം.

പ്രകടനത്തിനിടെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു. പരിക്കേറ്റവരെ കൊച്ചി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദശി ധീരജാണ് ഇടുക്കി എൻജിനീയറിംഗ് കോളജിൽ കുത്തേറ്റു മരിച്ചത്. തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടയിലാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും ഉണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം ഒന്നേകാലോടെ വിദ്യാർത്ഥികൾ കോളേജിനു പുറത്തേക്ക് എത്തി. ഈ സമയം നിഖിൽ പൈലി ഉൾപ്പെടെയുള്ളവർ കവാടത്തിനു പുറത്തു നിൽക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വീണ്ടും സംഘർഷമായി. ഇതിനിടെയിലാണ് രണ്ടു പേർക്ക് കുത്തേറ്റത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ധീരജിൻറെ മൃതദേഹം ഇന്ന് (11.1.2022) പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →