നാടിനെ കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കാൻ സിൽവർ ലൈൻ പദ്ധതി ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഹൈദരാബാദ് : സിൽവർ ലൈനുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മലയാള അസോസിയേഷൻറെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിനെ കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കാൻ സിൽവർ ലൈൻ പദ്ധതി ആവശ്യമാണ്. എതിർപ്പിന് വേണ്ടി എതിർപ്പ് ഉയർത്തുന്ന നിക്ഷിപ്ത താൽപ്പര്യകാർക്ക് മുന്നിൽ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമയലാഭത്തിന് പുറമെ കൂടുതൽ സ്ഥാപനങ്ങൾ വരാനും പദ്ധതി വഴിവയ്ക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏല്ലാവരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. കേരളത്തിൽ ഒന്നും നടക്കില്ലെന്ന് ചിലർ ശാപവാക്കുകൾ ഉരുവിട്ടുവെന്നും എന്നാൽ വികസനം കൊണ്ട് സർക്കാര് മറുപടി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റിക്ക് ഹൈദരാബാദിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, മണിക് സർക്കാർ തുടങ്ങി മുതിർന്ന സിപിഎം നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രാദേശിക പാർട്ടികളുമായുള്ള മൂന്നാം മുന്നണി സാധ്യത യോഗത്തിൽ ചർച്ചയായി. ചന്ദ്രശേഖർ റാവുവിൻറെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിൽ മുതിർന്ന സിപിഎം നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി ഉച്ചവിരുന്നിന് എത്തിയത്. സൗഹൃദ സന്ദർശനമെന്നാണ് പറഞ്ഞതെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായി.

കോൺഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചർച്ച സജീവമായതിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക പാർട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണി നീക്കം ചന്ദ്രശേഖർ റാവു തന്നെ യോഗത്തിൽ മുന്നോട്ട് വച്ചു. ബിജെപി വിരുദ്ധ പോരാട്ടത്തിന് സഖ്യം അനിവാര്യമെന്ന് മുതിർന്ന സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി , മണിക് സർക്കാർ, എസ്ആർപിയും സഖ്യസാധ്യതയെ അനുകൂലിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് പ്രാദേശിക പാർട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി വിലയിരുത്തിയിരുന്നു. നേരത്തെ ഫെഡറൽ മുന്നണി നീക്കവുമായി മുന്നിട്ടിറങ്ങിയ നേതാവാണ് കെ ചന്ദ്രശേഖർ റാവു. പിണറായിക്ക് പുറമേ എം കെ സ്റ്റാലിൻ കുമരസ്വാമി മമതാ ബാനർജി തുടങ്ങിയവരുമായി നേരത്തെ കെസിആർ ചർച്ച നടത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →