ഇടുക്കി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇടുക്കി രൂപത.
ഇടുക്കി രൂപതയുടെ മുഖ്യവികാരിയായ ജനറല്‍ മോണ്‍. ജോസ് പ്ലാച്ചിക്കലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
ദേവാലയവും ദേവാലയത്തിന്റെ പരിസരവും സെമിത്തേരിയുടെയും പരിപാവനത കാത്തുസൂക്ഷിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണമെന്നതാണ് ആദ്യത്തെ നിര്‍ദേശം.
സഭയുടെ ഔദ്യോഗിക കര്‍മങ്ങളോട് കൂടിയല്ല ചടങ്ങ് നടക്കുന്നതെങ്കിലും ദേവാലയ പരിസരങ്ങളിലും സെമിത്തേരിയിലും പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലര്‍ത്തണമെന്നും ക്രൈസ്തവ വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരും ഇതിന് നേതൃത്വം നല്‍കുന്നവരും ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
വികാരിക്കും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

