ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.
മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ വൽസല, മക്കൾ സോനുകുമാർ,സന്തോഷ്,ഉമ
പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം.തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വിക്ടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സിനിമയിൽ എത്തിയതു സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു .
എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു. സേതുമാധവൻ 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
മലയാളത്തിൽ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറക്കിയിട്ടുള്ള കെ.എസ് സേതുമാധവൻ തന്റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ “കണ്ണും കരളും” നിരവധി സ്ഥലങ്ങളിൽ നൂറിലധികം ദിവസങ്ങൾ പ്രദർശിപ്പിച്ച് ഹിറ്റായി മാറി.
തുടർന്ന് നിരവധി ജനപ്രീതിയാർജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾ (ഓടയിൽ നിന്ന്,ദാഹം) പുറത്തു വന്നത്. കേശവദേവിന്റെ “ഓടയിൽ നിന്ന്” എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരിൽ എടുക്കാൻ സേതുമാധവൻ തീരുമാനിക്കുന്നത്.
ജനകീയസിനിമയായി ഉയർന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയിൽ ഏറെ നിരൂപകപ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു “ഓടയിൽ നിന്ന്”, “ദാഹം” എന്നീ ചിത്രങ്ങൾ. മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്റെ ബാനറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതും അതോടൊപ്പം തന്നെ മഞ്ഞിലാസിന്റെ പ്രധാന നടനായിരുന്ന സത്യന്റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു.
ദേശീയ ചലച്ചിത്ര അവാർഡ്,സംസ്ഥാന ചലച്ചിത്ര അവാർഡ്,ഫിലിം ഫെയർ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും കെ എസ് സേതുമാധവനെ തേടിയെത്തി. 1973ൽ പുറത്തിക്കിയ അച്ഛനും ബാപ്പയും ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി.
1991 സംവിധാനം ചെയ്ത മറുപക്കം(തമിഴ്) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരമായ സ്വർണ്ണകമൽ നേടിയിരുന്നു.ഒരു തമിഴ് ചിത്രത്തിന് ആദ്യമായിൽ ലഭിക്കുന്ന സ്വർണ കമലവും മറുപക്കത്തിന്‍റെ പേരിലാണുള്ളത്.
മറുപക്കത്തിലൂടെ മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡും സേതുമാധവൻ നേടിയിരുന്നു.സംസ്ഥാന ചലച്ചിത്ര അവാർഡുകളിലെ മികച്ച സംവിധായകൻ എന്ന പേര് നാലുപ്രാവശ്യമാണ് കരസ്ഥമാക്കിയത്. ഇതിൽ വാഴ് വേ മായം (1970),കരകാണാക്കടൽ(1971),പണിതീരാത്ത വീട് (1972) എന്നിവ തുടർച്ചയായി സംസ്ഥാനത്തെ മികച്ച സംവിധായകൻ എന്ന ഖ്യാതി നേടിക്കൊടുത്തിരുന്നു.
1980ൽ പുറത്തിറക്കിയ “ഓപ്പോൾ” എന്ന ചിത്രത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരമായ “രജത കമലവും” നേടിയിരുന്നു. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി ഒന്നിലധികം പ്രാവശ്യം ചുമതല വഹിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി സാറാമ്മ, അര്‍ച്ചന, ഭാര്യമാര്‍ സൂക്ഷിക്കുക, യക്ഷി, കടല്‍പ്പാലം,അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, ചുക്ക്, അഴകുള്ള സെലീന, കന്യാകുമാരി എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ഹിറ്റു ചിത്രങ്ങളില്‍ ചിലതാണ്.