ശ്രീനഗര്‍: മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട കരടു നിര്‍ദേശത്തെച്ചൊല്ലി ജമ്മു കശ്മീരില്‍ വിവാദം.ജമ്മുവിന് പുതിയതായി ആറു നിയമസഭാ മണ്ഡലങ്ങള്‍ അനുവദിച്ചപ്പോള്‍ കശ്മീരിന് പുതിയതായി ഒരു മണ്ഡലം മാത്രമാണ് അനുവദിച്ചത്. ഇതിനെതിരേ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡീലിമിറ്റേഷന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വിവേചനപരമാണെന്നും അംഗീകരിക്കാനാകില്ലെന്നും കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു.
കൂടുതല്‍ ജനസംഖ്യയുള്ള കശ്മീരിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടിയിരുന്നെന്നു നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. പഴയ ജമ്മു കശ്മീര്‍ നിയമസഭയില്‍ ജമ്മു മേഖലയ്ക്ക് 37, കശ്മീരിന് 46, ലഡാക്കിന് 4 സീറ്റുകളാണുണ്ടായിരുന്നത്. പുതിയ നിര്‍ദേശപ്രകാരം ജമ്മുവിന് 43, കശ്മീരിന് 47 സീറ്റുകളാകും. ജമ്മു കശ്മീര്‍ പുനസംഘടനാ നിയമപ്രകാരം പുതിയ നിയമസഭയില്‍ 90 സീറ്റുകള്‍ ഉണ്ടായിരിക്കും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടതിനുശേഷം നിയമസഭാ, ലോക്സഭാ മണ്ഡലങ്ങള്‍ പുനര്നിര്ണയിക്കേണ്ടിയിരുന്നു. ഇതിനായി കഴിഞ്ഞ വര്‍ഷമാണ് പുതിയ ഡീലിമിറ്റേഷന്‍ കമ്മിഷന് രൂപീകരിച്ചത്. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണു മണ്ഡലപുനര്‍നിര്‍ണയം നടത്തിയത്.

